ഇടുക്കി നഴ്സിങ് കോളജിലെ ഭീഷണി വിവാദത്തില്‍ സിപിഎമ്മിന്റെയും സി.വി.വര്‍ഗീസിന്റെയും വാദം പൊളിഞ്ഞു. നടന്നത് മുന്‍കൂട്ടി നിശ്ചയിച്ച യോഗമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച തന്നെ നഴ്സിങ് കോളജ് പ്രിന്‍സിപ്പലിന് കത്തയച്ചിരുന്നു. യോഗം വിളിച്ചിട്ടില്ല എന്നായിരുന്നു വര്‍ഗീസിന്റെ വാദം. കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ഇടുക്കി നഴ്സിങ് കോളജില്‍ സമരം ചെയ്ത കുട്ടികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. ഭീഷണിപ്പെടുത്തിയാല്‍ തുറന്നുപറയാന്‍ മടിയില്ല. സമരം ചെയ്ത് ഭാവി കളയരുതെന്ന് കുട്ടികളോട് പറഞ്ഞു. നഴ്സിങ് കോളജ് മാറ്റാന്‍ ഗൂഢാലോചനയുണ്ട്. പിന്നില്‍ ഒരു വിഭാഗം അധ്യാപകരും ഉദ്യോഗസ്ഥരുമാണ്. പി.ടി.എ കമ്മിറ്റി അംഗങ്ങളും ഉണ്ടെന്നും സി.വി.വര്‍ഗീസ് പറഞ്ഞു.
അതേസമയം, അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് സമരം ചെയ്ത ഇടുക്കി നഴ്സിങ് കോളജ് വിദ്യാർഥികളെയും മാതാപിതാക്കളെയും സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ഭീഷണിപ്പെടുത്തിയതായി പരാതി. വിദ്യാർഥികൾ പ്രതിഷേധിച്ചാൽ പാർട്ടി കൊണ്ടുവന്ന കോളജ് അടയ്ക്കാൻ അറിയാമെന്നാണ് ഭീഷണി. സി.വി.വർഗീസ് ഭീഷണിപ്പെടുത്തിയെന്ന പിടിഎ എക്സിക്യൂട്ടീവ് അംഗം രാജിമോളുടെ ശബ്ദ സന്ദേശം മനോരമ ന്യൂസ് ഇന്നലെ പുറത്തുവിട്ടിരുന്നു.
ഇടുക്കി ഗവൺമന്റ് നഴ്സിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം തുടരുന്നതിനിടെയാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് വിദ്യാർഥികളും മാതാപിതാക്കളുമായി ചർച്ച നടത്തിയത്. ചർച്ചക്കിടയിൽ നിലവിലെ ഹോസ്റ്റൽ മാറ്റിത്തരണമെന്നാവശ്യപ്പെട്ട വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സി.വി.വർഗീസുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് കോളജ് പ്രിൻസിപ്പൽ പിടിഎ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട ചാറ്റ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പുറത്തുവിട്ടിരുന്നു.
മന്ത്രിയുടെയോ ജനപ്രതിനിധികളുടെയോ സാന്നിധ്യത്തിൽ ചർച്ച ചെയ്യേണ്ട വിഷയം എങ്ങനെ സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ വച്ചു തീർപ്പാക്കുമെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ചോദ്യം. കാലങ്ങളായി പ്രതിഷേധിച്ചിട്ടും വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കാത്തത് സ്വകാര്യ നഴ്സിങ് കോളജുകളെ സഹായിക്കാനാണെന്നാണ് ആരോപണം