Untitled design - 1

കവി സച്ചിദാനന്ദൻ മാഷ് നടത്തിയ പ്രസ്താവനകൾ ജനാധിപത്യപരമായ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതും, വലതുപക്ഷ രാഷ്ട്രീയത്തിന് കോടാലിക്കൈയായി പ്രവർത്തിക്കുന്നതുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കവി സച്ചിദാനന്ദൻ മാഷിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം നടത്തിയ പരാമര്‍ശം ശരിയായില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'ബിജെപിക്ക് ആശയപരമായും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും വഴിയൊരുക്കുന്നത് കോൺഗ്രസാണെന്ന ചരിത്രസത്യം ആരും മറക്കരുത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കേരളത്തിൽ തന്നെയും പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് നാം കാണുന്നത്. അഴിമതിയുടെ കാര്യമാണെങ്കിൽ മുൻ യു ഡി എഫ് സർക്കാരിലെ എത്ര മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉണ്ടായി എന്നകാര്യം സാംസ്കാരിക നായകർ ഓർക്കണം. 

അതേസമയം, എൽ ഡി എഫ് സർക്കാരിലെ ഒരു മന്ത്രിക്കെതിരെ എങ്കിലും അത്തരം ആരോപണം ഉണ്ടോ, ഒരെണ്ണത്തിന് ചെറിയ തെളിവ് പോലും ഹാജരാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നതും ഓർക്കണം. രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, മതനിരപേക്ഷതയുടെ കരുത്തായി ഇടതുപക്ഷ ഭരണത്തുടർച്ച അത്യന്താപേക്ഷിതമാണ്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിലോമ അജണ്ടകൾക്കെതിരെയും കേരളത്തെ ഒരു പ്രതിരോധ കോട്ടയാക്കി മാറ്റിയത് ഇടതുപക്ഷമാണ്.

എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കിയ ഏക സംസ്ഥാനം കേരളമാണ്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള ഈ ബദൽ മാതൃക കോൺഗ്രസ് സർക്കാർ ഭരിക്കുന്ന ഒരു സംസ്ഥാനത്തെങ്കിലും കാണിച്ചുതരാൻ സാധിക്കുമോ എന്ന് സച്ചിദാനന്ദൻ ചിന്തിക്കണം.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും അവ പഠിക്കാൻ സമിതിയെ നിയോഗിക്കുകയും ചെയ്ത ഏക സംസ്ഥാനവും കേരളമാണ്. കേന്ദ്രത്തിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരെ കേരളം ഉയർത്തുന്ന ഈ ബദൽ നയങ്ങളെ കാണാതെ പോകരുത്.

ഇടതുപക്ഷത്തിനെതിരെ വിമർശനം ഉന്നയിക്കുമ്പോൾ ആർക്കാണ് അത് ഗുണം ചെയ്യുന്നതെന്ന് ഗൗരവമായി ആലോചിക്കണം. ഭരണം മാറണം എന്ന് പറയുന്നത് കേരളം ഇന്ന് ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയത്തെ തകർക്കാൻ മാത്രമേ സഹായിക്കൂ. ഇന്ത്യയിലെ ഒരു കോൺഗ്രസ് സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ഇവിടെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നത്. ഇത് തിരിച്ചറിഞ്ഞുള്ള നിലപാടാണ് സാംസ്കാരിക നായകരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്'. – ശിവന്‍കുട്ടി വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Minister V Sivankutty stated that the remarks made by poet Sachidanandan weaken democratic struggles and aid right-wing politics. He emphasized that while respecting Sachidanandan, his statements during the election period were inappropriate and that such criticism benefits those seeking to dismantle Kerala's alternative political model.