ഒരു ലോക കേരള സഭ അംഗത്തിൻ്റെ ജീവിതം വളരെ രസകരമാണെന്ന് വിശദീകരിച്ച് അമേരിക്കൻ മലയാളി നാസർ ഹുസൈൻ കിഴക്കേടത്ത്. മാസങ്ങൾക്ക് മുൻപ് നോട്ടിഫിക്കേഷൻ വരുന്ന മുറക്ക് ലോക കേരള സഭയിൽ പങ്കെടുക്കാനുള്ള അപേക്ഷ സമർപ്പിക്കും. സംഭവം നടക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ചക്ക് മുൻപ് ഇതിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. സ്വന്തം പോക്കറ്റിൽ കിടക്കുന്ന ഒരു ലക്ഷത്തോളം രൂപ മുടക്കി ഒരു അവസാന നിമിഷ ടിക്കറ്റ് കരസ്ഥമാക്കും. വർഷത്തിൽ ആകെ കിട്ടുന്ന നാലാഴ്ച അവധിയിൽ ഒരാഴ്ച നമ്മൾ ഇതിന് വേണ്ടി എടുത്ത് തീർക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'ലോക കേരള സഭ, അഥവാ നാട്ടുകാരുടെ നികുതി തിന്ന് മുടിക്കുന്ന കൂട്ടങ്ങൾ എന്ന പരാമർശത്തോടെയാണ് ഈ പോസ്റ്റ് ആരംഭിക്കുന്നത്. എന്നാൽ വസ്തുത അതല്ലെന്ന് സമർഥിക്കുകയാണ് ഈ പോസ്റ്റിലൂടെ നാസർ ഹുസൈൻ.
'ലോക കേരള സഭയിൽ സമർപ്പിക്കാനുള്ള പദ്ധതികൾ തയ്യാറാക്കൽ ആണ് പ്രധാന ഘട്ടം. genetic engineering വഴി നെല്ലിലെ carbo hydrate ൻ്റെ അളവ് കുറച്ച് കേരളത്തിലെ പ്രമേഹത്തിൻ്റെ വർധന എങ്ങിനെ കുറക്കാം എന്നതായിരുന്നു കഴിഞ്ഞവര്‍ഷം ലോകകേരളസഭയില്‍ അവതരിപ്പിക്കപ്പെട്ട ഒരു പദ്ധതി. വ്യവസായമേഖലയും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിലൂടെ പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി എങ്ങിനെ പുതിയ സംരംഭങ്ങള്‍ തുടങ്ങാമെന്നതിന്‍റെ ആലോചനകളാണ് നടക്കുന്നത്ത്.
ഇത്തവണ ഓരോ ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റിലും ഓരോ AI ഏജന്റ് ഉണ്ടാകുകയും അതിനെല്ലാം കൂട്ടി ഇണക്കുന്ന ഒരു multi agentic AI software വഴി സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താം എന്നതും AI ഉപയോഗിച്ച് സർക്കാറിൻ്റെ അവയവദാന പ്രക്രിയ ആയ മൃതസഞ്ജീവനി എങ്ങിനെ മെച്ചപ്പെടുത്താം എന്നതുമായിരുന്നു വിഷയം. ലോകത്തിലെ എല്ലാ മലയാളി സംഘടനകൾക്കും, കേരള സ്കൂൾ കലോത്സവത്തിനും ഉപയോഗിക്കാവുന്ന രീതിയില്‍ ന്യൂ ജേഴ്സിയിലെ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി വികസിപ്പിച്ച ഒരു സോഫ്റ്റ്‌വെയര്‍ ഐടി സെക്രട്ടറിയെയും മറ്റുള്ളവരെയും കാണിക്കാനുള്ള പ്ലാനും ഉണ്ടായിരുന്നു. ലോകത്തിലെ മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയർമാരുടെ ഒരു കൂട്ടായ്മ സൗജന്യമായി കേരള ഗവൺമെൻ്റിന് മാർഗനിർദ്ദേശങ്ങളും വികസന സഹായവും ചെയ്യുന്ന ഒരു കൺസോർഷ്യം ആലോചിച്ച് നടപ്പിൽ വരുത്താവുന്ന മറ്റൊരു നിർദ്ദേശമാണ്.
രണ്ട് ദിവസം നമ്മുടെ കാര്യങ്ങൾ അവതരിപ്പിച്ചും മറ്റുള്ളവരുടെ പദ്ധതികൾ കേട്ടും, കഴിഞ്ഞ തവണ നമ്മൾ പറഞ്ഞ കാര്യങ്ങളിൽ എന്തൊക്കെ നടന്നു, എന്ത് നടന്നില്ല എന്നൊക്കെയുള്ള മുഖ്യമന്ത്രിയുടെ മറുപടി കേട്ടും, വളരെ തിരക്കിട്ട സമയങ്ങൾ കടന്ന് പോവും. "ഞങ്ങളുടെ നികുതി കൊണ്ട് ഫുഡ് അടിക്കാൻ വരുന്ന കുറെ പേരുടെ കൂട്ടം അല്ലേ ലോക കേരള സഭ, അടുത്ത യുഡിഎഫ് സർകാർ എന്തായാലും ഇത് നിർത്തലാക്കും", എന്ന് ഇതിനെപ്പറ്റി വലിയ പിടിയില്ലാത്ത ഭൂരിപക്ഷം നാട്ടുകാരുടെ തെറിയും കേട്ട് തിരിച്ച് നാട്ടിലേക്ക് വിമാനം കയറുന്നതോടെ ഞങ്ങളുടെ ലോക കേരള സഭ അനുഭവം അവസാനിക്കും. ഒരു ലോക കേരള സഭയിൽ പ്രതിനിധികൾ അവതരിപ്പിക്കുന്ന ആശയങ്ങളും അതിന്മേൽ എടുത്ത നടപടികളും, ഇപ്പൊൾ ഇത്തരം നിർദേശങ്ങൾ നടപ്പിൽ വരുത്താനുള്ള പദ്ധതികളും ഒക്കെ കൂടുതൽ സുതാര്യമായി പൊതുജനങ്ങൾക്ക് ലഭ്യമായാൽ ഇതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കുറയുമെന്ന് എനിക്ക് തോന്നുന്നു.
അടുത്ത സർക്കാർ ആരാണെങ്കിലും ലോക കേരള സഭ തുടരുക തന്നെ വേണം. ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികളുടെ കഴിവ് ഞങ്ങളെ ഞങ്ങളാക്കിയ കേരളത്തിന് വേണ്ടി ഉപയോഗപ്പെടുത്താൻ കേരളം ഇനിയും സന്നദ്ധത കാണിക്കണം'. - നാസർ ഹുസൈൻ കിഴക്കേടത്ത് വ്യക്തമാക്കുന്നു.