അനന്ത സുബ്രഹ്മണ്യം, ഉണ്ണികൃഷ്ണന്‍ പോറ്റി
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണ പാളിയും, ശ്രീകോവിലിന്റെ കട്ടിളയും പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷങ്ങൾ വാങ്ങിയതായി മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യമാണ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. പൂജയുടെ പേരിൽ വിശ്വാസികളായ വ്യവസായികളിൽ നിന്നും ലക്ഷങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങി. പണം പൂർണമായും നേരിട്ട് വാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. തനിക്കും വിഹിതം തന്നു. ബോർഡിലെ ചിലർക്കും വിഹിതം കൊടുക്കാനുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
പണം നൽകിയ മലയാളികളല്ലാത്ത എട്ട് വ്യവസായികളെ തനിക്ക് അറിയാമെന്നും ഇവർ പതിവായി ശബരിമല ദർശനത്തിന് എത്തുന്നവരാണെന്നും അനന്ത സുബ്രഹ്മണ്യത്തിന്റെ മൊഴിയിലുണ്ട്. എസ്.ഐ.ടി തുടർച്ചയായ രണ്ടാം ദിവസവും അനന്ത സുബ്രഹ്മണ്യത്തിന്റെ മൊഴി രേഖപ്പെടുത്തി. തലസ്ഥാനത്ത് തുടരാൻ നിർദേശിച്ച് രാത്രി എട്ടരയോടെ വിട്ടയച്ചു.
അടുത്തദിവസം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുക്കൾ ഉൾപ്പെടെ മൂന്നുപേരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. ശബരിമലയിലും ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചുള്ള തെളിവെടുപ്പിന്റെ രൂപരേഖയും എസ്. ഐ.ടി തയാറാക്കിയിട്ടുണ്ട്.