പാലക്കാട് അട്ടപ്പാടിയിൽ തണ്ടപ്പേര് കിട്ടാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം. താലൂക്ക് ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് - ബിജെപി പ്രവർത്തകർ ഡെപ്യൂട്ടി കലക്ടറുടെ വാഹനവും തടഞ്ഞു. വില്ലേജ് ഓഫിസിൽ നിന്ന് മോശം അനുഭവമുണ്ടായെന്നു ആത്മഹത്യ ചെയ്ത കർഷകൻ കൃഷ്ണസ്വാമിയുടെ ഭാര്യ മനോരമന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് അട്ടപ്പാടി കാവുണ്ടിയിൽ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തത്. തന്റെ പുരയിടത്തോട് ചേർന്ന 3 ഏക്കർ ഭൂമിക്ക് വില്ലജ് ഓഫീസിൽ നിന്ന് തണ്ടപ്പേര് അനുവദിക്കാത്തതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. വില്ലേജ് ഓഫീസർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്തെത്തി.
വിഷയത്തിൽ റവന്യൂ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ബിജെപി പ്രവർത്തകർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. ചർച്ചചെയ്യാൻ എത്തിയ ഡെപ്യൂട്ടർ തഹസിൽ ദാറുടെ വാഹനം സമരക്കാർ തടഞ്ഞു. സംഭവത്തിൽ അട്ടപ്പാടി തഹസിൽദാർ ജില്ലാ കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഡെപ്യൂട്ടി കലക്ടറുടെ വിശദമായ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടിയെടുക്കുക. അതേസമയം അട്ടപ്പാടിയിലെ ബന്ധപ്പെട്ട് പ്രതിഷേധ ശക്തമാക്കാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും തീരുമാനം