പാലക്കാട്ടെ വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ എംഎല്‍എ പി.കെ.ശശി.  എറണാകുളത്ത് നിന്നൊരു സ്വത്വം വന്നിട്ടുണ്ടെന്നും കഞ്ചാവാണെന്നും അടുത്ത് നില്‍ക്കുന്നവരെ ചാരിയാണ് നില്‍ക്കുന്നതെന്നും ശശി പ്രസംഗത്തില്‍ പറഞ്ഞു. തെമ്മാടിത്തരങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമേ പാലക്കാട്ടെ സിപിഎമ്മില്‍ നില്‍ക്കാന്‍ പറ്റുകയുള്ളൂവെന്നതാണ് സ്ഥിതിയെന്നും ഈ ധിക്കാരത്തിന്‍റെ മുന്‍പില്‍ വായ പൊത്തിയും വാലാട്ടിയും നില്‍ക്കാന്‍ നായ്ക്കളെ കിട്ടും ഉശിരുള്ള കമ്യൂണിസ്റ്റുകാരെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിയിറക്കേണ്ടെന്നും ശരിപ്പെടുത്തിക്കളയാമെന്ന തോന്നല്‍ വേണ്ടെന്നും സഖാക്കള്‍ ഒപ്പമുണ്ടെന്നും ശശി കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ പേരു പറയാതെയായിരുന്നു  ശശിയുടെ മറുപടി. Also Read: ‘ഞങ്ങളാണ് കമ്യൂണിസ്റ്റുകള്‍’; പി.കെ.ശശി സിപിഎം വിമത കണ്‍വെന്‍ഷനില്‍

പി.കെ.ശശിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: 'കഞ്ചാവുവലിക്കാരന്‍ ഉയര്‍ന്ന നേതാവായി. പിന്നെ എറണാകുളത്ത് നിന്നൊരു സ്വത്വം വന്നിട്ടുണ്ട്. അവന്‍ എങ്ങനെയാണെന്ന് വച്ചാല്‍ ഫുള്ളായിട്ട് കഞ്ചാവടിക്കും. ഇങ്ങനെ നിവര്‍ന്ന് നില്‍ക്കില്ല. അടുത്ത് നില്‍ക്കുന്നയാളുടെ മേല്‍ ചാരിയിട്ടാ നില്‍ക്കുക. കാരണം എപ്പോളാ വീഴുക എന്നറിയില്ല. ചാരി നിന്നിട്ടാണ് അവന്‍റെ പ്രസംഗം. ഫൊട്ടോ കണ്ടിട്ടില്ലേ? ഈ ധിക്കാരവും തണ്ടും കൊലവിളിയുമൊക്കെ നടത്തുന്ന ആളുകള്‍ ഒരു കാര്യം മനസിലാക്കണം. ഞങ്ങള്‍ക്കെതിരായി പറയുമ്പോള്‍ ഞങ്ങളൊക്കെ ജീവിക്കുന്നത്, ഞങ്ങളുടെ തടിമിടുക്കിന്‍റെ പവറുകൊണ്ടല്ല, ഞങ്ങളെയൊക്കെ ജീവനെപ്പോലെ സ്നേഹിക്കുന്ന, ഞങ്ങള്‍ക്കൊക്കെ രക്ഷാകവചമൊരുക്കാന്‍ ശേഷിയുള്ള നൂറുകണക്കിന് വരുന്ന സഖാക്കളുണ്ടെന്ന് മനസിലാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യം മെച്ചപ്പെടാന്‍ ബലാരിഷ്ടം കഴിക്കേണ്ട, ഇത് മനസിലാക്കിയില്ലെങ്കില്‍ ബലാഗുളുച്യാദി എണ്ണ തേച്ച് ആഴ്ചകളോളം കിടക്കേണ്ടി വരും.

ഭീഷണിയൊന്നും ഇങ്ങോട്ടെടുക്കല്ലേ.. എത്ര കാലമായെടോ ഈ പണിയുമായി നടക്കാന്‍ തുടങ്ങിയിട്ട്. നിങ്ങളെന്താ ധരിച്ചത്? വര്‍ഷങ്ങളെത്രയായി ഈ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചെങ്കൊടിയുമായി ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട്? ശത്രുക്കളുമായി ഏറ്റുമുട്ടിയിട്ടാണ് നിന്നത്. ആത്മാഭിമാനം പണയപ്പെടുത്തിയിട്ടില്ല. ഞങ്ങളെല്ലാം അങ്ങനെയാണ്.. ഇപ്പോ വന്നിട്ട് കാണിച്ച് തരാമെന്ന്.. ശരിപ്പെടുത്തിക്കളയാന്‍ ഞങ്ങളിങ്ങനെ നിന്നുതരികയാണോ നിങ്ങള്‍ക്ക്? ആ തോന്നലൊക്കെ അവിടെ മനസില്‍ വച്ചാല്‍ മതി. 

തെമ്മാടിത്തരങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമേ പാലക്കാട് ജില്ലയിലെ സിപിഎമ്മില്‍ നില്‍ക്കാന്‍ പറ്റൂ എന്നുള്ളെങ്കില്‍ ഞാനൊരു കാര്യം പറയുന്നു, നിങ്ങളുടെ ധിക്കാരത്തിന്‍റെ മുന്‍പില്‍ വായപൊത്തി നില്‍ക്കാന്‍ നായ്ക്കളെ കിട്ടും. ഉശിരുള്ള ഒറ്റ കമ്മ്യൂണിസ്റ്റുകാരെ കിട്ടില്ല. പിറകെ വാലാട്ടി നടക്കാന്‍ നായ്ക്കളെ കിട്ടും നിങ്ങള്‍ക്ക്. കമ്യൂണിസ്റ്റുകാരെ കിട്ടില്ല. ഈ വികാരം മുഴുവന്‍ നേതൃത്വം മനസിലാക്കണം. മനസിലാക്കുന്നില്ലെന്ന പരാതിയാണ് ഞങ്ങള്‍ക്കുള്ളത്. സ്റ്റേറ്റ് നേതൃത്വത്തെ കുറിച്ച് അരവാക്ക് ഞങ്ങള്‍ പറയില്ല. പക്ഷേ സ്റ്റേറ്റ് നേതൃത്വം ഇത് മനസിലാക്കി ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം. സംസ്ഥാന നേതൃത്വത്തിന് എത്ര പരാതി കൊടുത്തു! അനങ്ങിയില്ല...ഞാന്‍ പറയട്ടെ.. പാര്‍ട്ടി ഭിന്നിച്ച് പോകുകയാണ്. പാര്‍ട്ടി കൂടുതല്‍ കൂടുതല്‍ ശോഷിച്ച് വരികയാണ്. ഈ അവസ്ഥയില്‍ പാലക്കാട് ജില്ലയില്‍ പ്രത്യേകമായ ശ്രദ്ധ വേണ്ടേ? ഇവിടെ ഇടപെടേണ്ടേ? സംസ്ഥാന സെക്രട്ടറി ഇടപെടേണ്ടേ? 

ഇവിടെയാണ് ഞാന്‍ പറയുന്നത്, എല്ലാ സഖാക്കളെയും ചേര്‍ത്ത് പിടിച്ചിരുന്നൊരു മനുഷ്യനുണ്ടായിരുന്നു. സഖാവ് ബാലകൃഷ്ണേട്ടന്‍...സഖാവ് കോടിയേരി.സഖാക്കളെ ചേര്‍ത്തുപിടിക്കും അവരെ സ്നേഹിക്കും. സ്നേഹം കൊണ്ട് അവരെ കീഴടക്കും. പാര്‍ട്ടിക്കകത്തുള്ള പ്രശ്നങ്ങളെല്ലാം യോജിപ്പിന്‍റെ തലത്തില്‍ പരിഹരിക്കും. ആ മനുഷ്യനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഞാന്‍ വിതുമ്പിപ്പോകാറുണ്ട്. ഭാഗ്യമുണ്ടായില്ലല്ലോ. ആ മനുഷ്യന്‍ ജീവിച്ചിരുന്നെങ്കില്‍ ഈ ഗതി പാര്‍ട്ടിക്ക് വരില്ലായിരുന്നു. എന്ത് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ആ വേദനയ്ക്ക് പരിഹാരം കാണും. അതാണ് കമ്യൂണിസ്റ്റ് നേതാവിന്‍റെ മഹത്വം. ഹൃദയം ഹൃദയവുമായി സംവദിക്കുന്ന ബന്ധം. കോടിയേരി മരിച്ചതോട് കൂടി ഒരു ശൂന്യതയാണ് അനുഭവപ്പെടുന്നത്. ബോധ്യപ്പെടേണ്ടവര്‍ക്ക് ബോധ്യപ്പെടണം. ഇന്നല്ലെങ്കില്‍ നാളെ ആവശ്യമായ തിരുത്തലുകള്‍ വരുത്തണം'.

വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ പി.കെ.ശശിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. വേദിയിലെത്താന്‍ താന്‍ ഒട്ടും ആഗ്രഹിച്ചതല്ലെന്നും ജില്ലാ നേതൃത്വത്തിന്‍റെ ദുഷ്പ്രവര്‍ത്തികളാണ് തന്നെ  കണ്‍വെന്‍ഷനില്‍ എത്തിച്ചതെന്നും ശശി പറഞ്ഞിരുന്നു. ജില്ലാ സെക്രട്ടറി പി.കെ.സുരേഷ്കുമാര്‍ സ്പിരിറ്റ് കച്ചവടക്കാരനാണെന്നും സെക്രട്ടറിയെ മാറ്റാതെ പാര്‍ട്ടി രക്ഷപെടില്ലെന്നും ശശി തുറന്നടിച്ചു. 

ENGLISH SUMMARY:

Former MLA P.K. Sasi has triggered a massive political row by indirectly accusing SFI State Secretary P.M. Arsho of being a drug addict during a rebel CPM convention in Palakkad on March 5, 2026. Sasi alleged that the leader from Ernakulam is constantly under the influence of cannabis and cannot even stand straight without support. Following these explosive remarks, the CPM state committee immediately expelled P.K. Sasi from the primary membership of the party. Sasi also targeted Palakkad District Secretary P.K. Suresh Kumar, calling him a 'spirit trader' and criticizing the party’s current trajectory. This internal rift highlights growing dissatisfaction within the CPM’s Palakkad unit against the state leadership’s favorites.