ശബരിമല ദ്വാരപാലക ശില്പങ്ങളുടെ പാളി സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് നടന്ന കവർച്ചാ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും സ്പോൺസറുമായ അനന്ത സുബ്രഹ്മണ്യത്തെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് ഏകദേശം 12 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ രാത്രിയിൽ വിട്ടയച്ചത്.
പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാവിലെ 11 മണിയോടെയാണ് അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ചോദ്യം ചെയ്യൽ അർദ്ധരാത്രി വരെ നീണ്ടു. കവർച്ചയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ശേഖരിക്കാനായി ഉണ്ണികൃഷ്ണൻ പോറ്റിയെയും അനന്ത സുബ്രഹ്മണ്യത്തെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യൽ നടന്നിട്ടുണ്ട്.
ദ്വാരപാലക ശില്പങ്ങളുടെ പാളി സ്വർണം പൂശാനായി കൊണ്ടുപോയ സംഘത്തിലെ പ്രധാനിയും സ്പോൺസർമാരിൽ ഒരാളുമാണ് അനന്ത സുബ്രഹ്മണ്യമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വർണം കടത്താൻ സഹായിച്ചവർ, ചെമ്പെന്ന് രേഖപ്പെടുത്തിയ സ്വർണപ്പാളി ശബരിമലയിൽ നിന്ന് എവിടെയൊക്കെ എത്തിച്ചു പ്രദർശിപ്പിച്ചു, സാമ്പത്തിക ലാഭത്തിന്റെ വിഹിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്.
ചോദ്യം ചെയ്യലിൽ നിന്ന് നിർണായകമായ വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയും അനന്ത സുബ്രഹ്മണ്യവുമായി ബന്ധമുള്ള മറ്റ് കണ്ണികളെക്കുറിച്ചും കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ മൊഴി ശേഖരണത്തിന് ശേഷം അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും വിളിച്ചുവരുത്തിയേക്കും. ആവശ്യമെങ്കിൽ അറസ്റ്റിലേക്ക് നീങ്ങാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
അന്വേഷണവുമായി ബന്ധപ്പെട്ട് ഏത് സമയത്തും ഹാജരാകണമെന്ന് അനന്ത സുബ്രഹ്മണ്യത്തോട് അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ അന്വേഷണ പുരോഗതിയും കണ്ടെത്തലുകളും സംബന്ധിച്ച പ്രഥമ റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും സൂചനയുണ്ട്.