കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എം.പിക്ക് മര്‍ദനമേറ്റതില്‍ രണ്ട് ഡിവൈ.എസ്.പി മാർക്ക് സ്ഥലംമാറ്റം. വടകര ഡിവൈ.എസ്.പി ആര്‍. ഹരിപ്രസാദിനെ കോഴിക്കോട് മെഡി. കോളജ് എ.സി.പിയായി നിയമിച്ചു. പേരാമ്പ്ര ഡിവൈ.എസ്.പി എന്‍. സുനിൽകുമാറിന് ക്രൈംബ്രാഞ്ച് സിറ്റി എ.സി.പിയായി നിയമനം നല്‍കി. മാര്‍ച്ച് നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടിരുന്ന രണ്ടു ഉദ്യോഗസ്ഥയിരുന്നു ഇരുവരും. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി 23 ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. ഇതിലാണ് ഇരുവരും ഉള്‍പ്പെട്ടത്. കോഴിക്കോട് വിജിലൻസ് ഇൻസ്പെക്ടർ എംപി രാജേഷിനെ പേരാമ്പ്ര ഡിവൈ.എസ്.പിയായി നിയമിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് എ.സി.പി എ.ഉമേഷ് വടകര ഡിവൈ.എസ്.പിയാകും.
നേേരത്തെ ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ വടകര റൂറല്‍ എസ്.പി കെ.ഇ ബൈജു വീഴ്ച സമ്മതിച്ചിരുന്നു. ഷാഫിക്ക് ലാത്തികൊണ്ട് അടിയേറ്റെന്നും അടിച്ച പൊലീസുകാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും റൂറല്‍ എസ്.പി പറഞ്ഞു. പൊലീസില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചു. ആരാണെന്ന് കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. എം.പിയെ പുറകില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചു. പക്ഷേ ലാത്തി ചാര്‍ജ് നടന്നിട്ടില്ല എന്നായിരുന്നു വടകര റൂറല്‍ എസ്.പി പറഞ്ഞത്.
ചില പൊലീസുകാര്‍ ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കിയതാണെന്ന് റൂറല്‍ എസ്.പി തന്നെ പരസ്യമായി പറഞ്ഞിട്ടും പൊലീസുകാര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തിരുന്നില്ല. അടിച്ച പൊലീസുകാരനെ എഐ ടൂള്‍സ് ഉപയോഗിച്ച് കണ്ടെത്തുമെന്ന് പറഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും അനക്കമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഡിവൈ.എസ്.പിമാര്‍ക്ക് സ്ഥലം മാറ്റം. സികെജിഎം കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് ഷാഫി പറമ്പിലിന്‍റെ മൂക്കിന് അടിയേറ്റത്. കഴിഞ്ഞ ദിവസം ഐജിയെ നേരിട്ട് കണ്ട കോണ്‍ഗ്രസ്, അഞ്ച് ദിവസത്തിനുള്ളിൽ പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.