sabari-prakash

 ശബരിമലയിലെ സ്വര്‍ണം, ചെമ്പ് എന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ദേവസ്വം വിജിലന്‍സില്‍. 2019 ല്‍ സ്വര്‍ണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തുന്നതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ശ്യാം പ്രകാശാണ് ഏതാനും ദിവസംമുമ്പുവരെ സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നത്. ശ്യാംപ്രകാശിന്‍റെ പങ്ക് തിരിച്ചറിഞ്ഞതോടെ വിജിലന്‍സ് എസ്.പി ശ്യാംപ്രകാശിനെ നിര്‍ബന്ധിത അവധിയില്‍പോകാന്‍ നിര്‍ദ്ദേശിച്ചു .

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിന്‍റെ പാളിയില്‍ ചെമ്പുമാത്രമേയുള്ളൂ എന്ന മഹസറില്‍ രേഖപ്പെടുത്തുന്നതില്‍ പങ്കുള്ള ശ്യാംപ്രകാശ് ഏതാനുംദിവസം മുമ്പുവരെ സ്വര്‍ണക്കൊള്ള ദേവസ്വം വിജിലന്‍സ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നു. സ്വര്‍ണപ്പാള്ളിയെ ചെമ്പെന്ന് രേഖപ്പെടുത്തിയതില്‍  ശ്യാംപ്രകാശിന് പങ്കുണ്ടെന്ന് മനസിലായതോടെ ദീര്‍കാല അവധിയില്‍ പോകാന്‍ വിജിലന്‍സ് എസ്.പി നിര്‍ദ്ദേശിച്ചു. അതേസമയം ദേവസ്വം വിജിലന്‍സ്  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്യാം പ്രകാശിന്‍റെ പേരില്ല. 2019ലെ എക്സിക്യുട്ടിവ് ഓഫിസര്‍ സുധീഷ് കുമാര്‍, ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ശ്രീകുമാര്‍, തിരുവാഭരണ കമ്മിഷണര്‍മാരായ കെ.എസ്. ബൈജു, ആര്‍.ജി. രാധാകൃഷ്ണന്‍, പാളികള്‍ തിരികെ പിടിപ്പിച്ചപ്പോള്‍ എക്സിക്യുട്ടിവ് ഓഫിസറായിരുന്ന രാജേന്ദ്ര പ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ കെ. രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് പരാമര്‍ശം.

 ഇപ്പോള്‍ ശബരിമലയിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എസ് . ശ്രീനിവാസന്‍ പോറ്റിയും വിജിലന്‍സ് നടപടി നേരിട്ടയാളാണ്. ശംഖുമുഖം ക്ഷേത്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന സമയത്ത് അവിടത്തെ പൗരാണിക ആഭരണം കാണാതായപ്പോള്‍ പകരം ആഭരണം കൊണ്ടുവച്ചതിന് ശ്രീനിവാസന്‍ പിടിക്കപ്പെട്ടിരുന്നു. പിന്നീട് യഥാര്‍ഥ ആഭരണം തന്നെ കണ്ടുകിട്ടിയപ്പോഴാണ് വിവരം പുറത്തായത്. ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമായിട്ടാണ് ശബരിമലയിലെ പ്രധാന ചുമതലക്കാരെ നിയോഗിക്കുന്നത്. എന്നാല്‍ ശീനിവാസന്‍ പോറ്റിക്കെതിരായ വിജിലന്‍സ് നടപടിയുടെ  വിവരം ഹൈക്കോടതിയെ അറിയിച്ചോയെന്ന് സംശയമുയരുന്നു.

ENGLISH SUMMARY:

Sabarimala gold scandal involves an officer marking gold as copper in records, now under Devaswom Vigilance scrutiny. The ongoing investigation raises concerns about transparency and potential procedural lapses within the Sabarimala Devaswom Board