ശബരിമലയിലെ ശ്രീകോവിലിന്‍റെ സ്വര്‍ണം പൊതിഞ്ഞ കതകുപാളികള്‍ ഇളക്കിയെടുത്തത് ഒരു പരിശോധനയും കണക്കെടുപ്പും ഇല്ലാതെയെന്ന് കണ്ടെത്തല്‍. 'വാതില്‍ പാളികള്‍' എന്നല്ലാതെ സ്വര്‍ണത്തെ കുറിച്ചുള്ള ഒരു പരാമര്‍ശവും മഹസറില്‍ ഇല്ലെന്നും തിരുവാഭരണ കമ്മിഷണറും ദേവസ്വം സ്മിത്തും അടക്കമുള്ളവരുടെ സാന്നിധ്യം ഉണ്ടാവേണ്ടിടത്ത് മേൽശാന്തിയും വാച്ചറുമാണ് മഹസര്‍ ഒപ്പിട്ടിരിക്കുന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ് ബൈജു സ്വര്‍ണപ്പാളി മാറ്റുന്ന ദിവസം മാറി നിന്നത് ദുരൂഹമാണെന്നും അന്വേഷണ സംഘം പറയുന്നു. കേസില്‍ ഏഴാം പ്രതിയായ ബൈജുവിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങളിലെ എല്ലാ ആസ്തികളുടെയും ചുമതലക്കാരൻ നിയമപ്രകാരം തിരുവാഭരണം കമ്മിഷണറാണ്. കെ.എസ്.ബൈജു ആ പദവിയിലിരിക്കെയാണ് ശബരിമലയിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണ്ണപ്പാളികളും ശ്രീകോവിലിന്റെ കട്ടിളപ്പാളിയുമൊക്കെ രേഖകളിൽ ചെമ്പാക്കി മാറ്റി ഉണ്ണിക്കൃഷ്ണൻപോറ്റി കടത്തിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ പോലും ഒപ്പുവയ്ക്കാതിരുന്ന ബൈജു സ്വർണ്ണപ്പാളിയും കട്ടിളപ്പാളിയും കൊണ്ടുപോകുമ്പോൾ അതിന് സാക്ഷിയാകാനും നിന്നില്ല. ദുരൂഹമായ ഈ അസാന്നിദ്ധ്യമാണ് ബൈജുവിന് കുരുക്കാകുന്നത്. ഈ അസാന്നിധ്യം വഴിയാണ് ഹൈക്കോടതിയുടെ കീഴിലുള്ള സ്പെഷ്യൽ കമ്മിഷണർ ക്രമക്കേട് അറിയാതിരുന്നത്. ബൈജുവിന്റെ അസാന്നിധ്യം ബോധപൂർവ്വമാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നതും ആ നിലയ്ക്കാണ്.
അതേസമയം, അന്വേഷണത്തിന്‍റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തേക്കും. ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയായ മുൻ ദേവസ്വം കമ്മിഷണറും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായിരുന്ന എൻ.വാസുവിന്‍റെ അറസ്റ്റിനും സാധ്യതയുണ്ട്. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം കേൾക്കും. മുരാരി ബാബുവിനെ കസ്റ്റഡിയിൽ നൽകണമെന്ന എസ്. ഐ.ടി യുടെ ആവശ്യം കോടതി അംഗീകരിച്ചാൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരിയെയും ഒരുമിച്ച് സന്നിധാനത്ത് എത്തിച്ച് തെളിവെടുത്തേക്കും.