ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. എ.പത്മകുമാര്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയില്‍ സിപിഐ പ്രതിനിധിയായിരുന്ന ശങ്കരദാസ് അംഗമായിരുന്നു. തന്ത്രിയും ഉദ്യോഗസ്ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോര്‍ഡ് ശബരിമലയില്‍ നടപ്പാക്കിയതെന്നാണ് ശങ്കരദാസിന്‍റെ മൊഴി.
2019 ല്‍ ശബരിമല ശ്രീകോവിലിന്‍റെ സ്വര്‍ണ കട്ടിളപ്പാളിയും, ദ്വാരപാലകശില്‍പങ്ങളുടെ സ്വര്‍ണപാളിയും ചെമ്പായി മാറിയെന്ന് രേഖപ്പെടുത്തിയതില്‍ സംശയം തോന്നിയിരുന്നില്ല. സ്വര്‍ണത്തിന്‍റെ തിളക്കം കുറഞ്ഞെന്നും വീണ്ടും സ്വര്‍ണം പൂശണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വച്ച് പലതവണ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അടുപ്പമില്ല. ശബരിമലയുടെ പേരില്‍ യാതൊരു സാമ്പത്തിക ലാഭവും നേടിയിട്ടില്ലെന്നും ശങ്കരദാസ് എസ്.ഐ.ടിക്ക് മൊഴി നല്‍കി.
കഴിഞ്ഞദിവസം ശങ്കരദാസിനൊപ്പം ബോര്‍ഡ് അംഗമായിരുന്ന എന്‍.വിജയകുമാറിനെയും പ്രത്യേക അന്വേഷണസംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. അതേസമയം, ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസില്‍ പ്രതി മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമല സന്നിധാനത്ത് എത്തിച്ച് തെളിവെടുക്കാനും സാധ്യതയുണ്ട്. ഈ മാസം പത്ത് വരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാറിനേയും ഇന്ന് ചോദ്യം ചെയ്തേക്കും