സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ ആലോചന. ഇരുനൂറ് രൂപവരെ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ധനവകുപ്പിന്‍റെ പരിഗണനയില്‍. അതേസമയം, അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമുണ്ടായേക്കും.
നിലവില്‍ 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍. ഇത് 2500 രൂപയാക്കുമെന്നായിരുന്നു ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സഹാചര്യത്തില്‍ അത്രയും വലിയ വര്‍ധന അസാധ്യമാണ്. എങ്കിലും നാമമാത്രമായ വര്‍ധനയെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് വേണമെന്നാണ് സി.പി.എമ്മിന്‍റെയും ഇടത് മുന്നണിയുടെയും താല്‍പര്യം. ഈ സാഹചര്യത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പെന്‍ഷന്‍ വര്‍ധനയ്ക്കുള്ള നീക്കം നടക്കുന്നത്.
പക്ഷെ പ്രശ്നം പണമാണ്. 200 രൂപയെങ്കിലും കുറഞ്ഞത് വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്‍റെ താല്‍പര്യം. അതുണ്ടാക്കുന്ന അധിക ബാധ്യത താങ്ങാനുള്ള സാമ്പത്തിക ശേഷി സര്‍ക്കാരിനില്ല. മറ്റ് ചെലവുകള്‍ വെട്ടിച്ചുരുക്കി ഫണ്ട് കണ്ടെത്തുകയാണ് മാര്‍ഗം. അതെങ്ങനെ സാധിക്കുമെന്ന പരിശോധനയിലാണ് ധനവകുപ്പ്. ഫണ്ട് വകയിരുത്താന്‍ കഴിയുമെന്ന ഉറപ്പിലേക്ക് ധനവകുപ്പ് എത്തിയാല്‍ വര്‍ധന ഉടന്‍ പ്രഖ്യാപിച്ചേക്കും.