tvm-rain-2010

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. തിരുവനന്തപുരത്തെ മലയോരമേഖലയില്‍ കനത്തമഴയാണ്. തിരുവനന്തപുരം– തെങ്കാശി റോഡില്‍ വെള്ളം കയറി. ഇളവട്ടത്ത് റോഡില്‍ വെള്ളം കയറി ഗതാഗത തടസ്സപ്പെട്ടു. വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നു. ആലുവയിലും പെരുമഴയാണ്.  കെഎസ്ആര്‍ടിസി, റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളില്‍ കനത്തമഴ. വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നു. കോഴിക്കോട് ജില്ലയിൽ കനത്ത മഴയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശമുണ്ട്.

അറബിക്കടലിലെ ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ കൂടുതല്‍ തീവ്രമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും വരുന്ന 24 മണിക്കൂറില്‍ ന്യൂനമര്‍ദം രൂപമെടുക്കാനിടയുണ്ട്. ഇവയുടെ സ്വാധീനത്തില്‍ ഞായറാഴ്ചവരെ സംസ്ഥാനത്ത് മഴ ലഭിക്കും. ഇന്ന് പതിനാലു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാലുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പത്തു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട്  നല്‍കിയിട്ടുള്ളത്. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇരുപത്തി നാലം തീയതി വരെ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പും ഉണ്ട്.

അതേസമയം, ഇടുക്കിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത തീവ്ര മഴയ്ക്ക് ശമനം. നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.8 അടിയിലെത്തി. നേരിയ മഴ മാത്രമാണ് ഇന്നലെ രാത്രിയിൽ ഇടുക്കിയിൽ പെയ്തത്. മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകളും തുറന്നിട്ടുണ്ടെങ്കിലും പെരിയാറിന്റെ തീരത്തുനിന്ന് വെള്ളം ഇറങ്ങി തുടങ്ങി. 35 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. മുല്ലപ്പെരിയാർ ഉൾപ്പെടെ ഏഴ് ഡാമുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്.

വടക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി പെയ്തത് കനത്ത മഴയാണ്. വൈദ്യുതി വിതരണം പലയിടത്തും തടസപ്പെട്ടു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ രാത്രിയിൽ ഇടവിട്ട് ശക്തമായി മഴ പെയ്തു. ബാലുശ്ശേരിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. വയനാട് പനമരത്ത് മരം റോഡില്‍ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറം നാടുകാണി ചുരത്തില്‍ രാത്രിയില്‍ മരംവീണതോടെ ഗതാഗതം അവതാളത്തിലായി. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Heavy rain lashes Kerala, triggering traffic chaos on the Thiruvananthapuram-Tenkasi road and in Aluva. IMD issues Orange Alert for Idukki, Ernakulam, Malappuram, and Kozhikode as a low-pressure system intensifies. Mullaperiyar dam water level is 138.8 ft with shutters open. Fishermen are warned off the coast until the 24th.