rain

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ മറ്റു ജില്ലകളിൽ യെലോ അലർട്ടും കാലാവസ്ഥാ വകുപ്പ്  നൽകിയിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ കിട്ടും. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നിലവിലുണ്ട്. 

കഴിഞ്ഞ ദിവസം മഴ കനത്ത നാശമുണ്ടാക്കിയ ഇടുക്കിയില്‍ രാത്രിയില്‍ പലയിടത്തും അതിശക്ത മഴ പെയ്തു. കുമളി വെള്ളാരംകുന്നിൽ ശക്തമായ മഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മൺകൂനയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. പാറപ്പള്ളി വീട്ടിൽ തങ്കച്ചനാണ് മരിച്ചത്. റോഡിലേക്ക് വീണ മൺകൂനയിലാണ് സ്കൂട്ടർ ഇടിച്ചു കയറിയത്. 

ഇന്നലെ രാത്രി ഒരു മണിക്കൂറോളം ശക്തമായി പെയ്ത മഴയിൽ കുമളി ഒന്നാം മൈലിൽ കടകളിൽ വെള്ളം കയറി. നിലവിൽ സ്ഥിതി ശാന്തമാണ്. മറ്റിടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി. തുറന്നിരിക്കുന്ന 13 സ്പിൽവേ ഷട്ടറുകൾ വഴി 8838 ഘന അടി വെള്ളമാണ്‌ പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിൽ മഴയുടെ ശക്തികുറഞ്ഞിട്ടുണ്ട്. 

മലപ്പുറം വഴിക്കടവിൽ കനത്ത മഴക്കിടെ റോഡിലും 50 വീടുകളിലും വെള്ളം കയറി. ഗൂഡല്ലൂർ - കോഴിക്കോട് പാതയിൽ മണിമൂളിയിലാണ് റോഡിലേക്ക് വെള്ളം കയറിയത്. ഒരു മണിക്കൂറിലേറെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പൂവ്വത്തിപ്പൊയിൽ, രണ്ടാംപാടം, മൊടപ്പൊയ്ക പ്രദേശങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്. കാരക്കോടൻപുഴ, കലക്കൻപഴ, അത്തിതോട് എന്നിവ കരകവിഞ്ഞൊഴുകിയാണ് വെള്ളപ്പൊക്കം ഉണ്ടായത്. 

പൂവ്വത്തിപ്പൊയിലിൽ പുലിയോടൻ ജാഫറിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പുളിയക്കോടൻ കരീമിന്‍റെ ഫാമിലെ രണ്ടായിരം കോഴികൾ വെള്ളം കയറി ചത്തു. വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് നാല് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു.

ENGLISH SUMMARY:

Heavy rain is forecast to continue in Kerala today, with alerts issued for 11 districts. Orange Alert (indicating very heavy rainfall) is declared for Malappuram, Kozhikode, Kannur, and Kasaragod. Yellow alerts are issued for all other districts except Thiruvananthapuram, Kollam, and Alappuzha. The low-pressure area over the Arabian Sea has strengthened, and widespread rain is expected until Wednesday, along with lightning warnings. In Idukki, where heavy damage was reported previously, one person died in an accident when his scooter hit a mound of mud caused by heavy rain in Kumily.