ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു. വണ്ടിപ്പെരിയാർ കക്കി കവലയിൽ വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിൽ നിന്നുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. മൂല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136അടിയിൽ. ഡാമിന്റെ ഷട്ടർ ഉയർത്തും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർ ഡാമിലെ നാല് ഷട്ടറുകളും അൽപ്പ സമയത്തിനകം ഉയർത്തും.
ഇടുക്കിയിൽ രാത്രി മുഴുവൻ ശക്തമായ മഴയായിരുന്നു. തൊടുപുഴ,ഇടുക്കി, നെടുംങ്കണ്ടം, കുമളി മേഖലയിൽ ശക്തമായ മഴ തുടരുന്നു.
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. ഒൻപതു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയും ലഭിക്കും. കടൽ പ്രക്ഷുബ്ധമായതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു . കേരള കർണാടക തീരത്തിനടുത്ത് അറബിക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപമെടുത്തേക്കും. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.