പാലിയേക്കരയിലെ ടോൾ പിരിവ് തുടരാൻ ഹൈക്കോടതി അനുവദിച്ചു. എന്നാൽ കോടതിയുടെ തുടർ ഉത്തരവുണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്നു കരാറുകാരനു കോടതി നിർദേശം നൽകി. സുരക്ഷാ പ്രശ്നങ്ങൾക്ക് ഉടൻതന്നെ പരിഹാരം കണ്ടെത്തുമെന്നു ഡപ്യൂട്ടി സോളിസിറ്റർ ജനറൽ ഉറപ്പുനൽകിയതു കോടതി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കലക്ടർക്കു ഹൈക്കോടതി നിർദേശം നൽകി. ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ഒ.ജെ. ജെനീഷ് എന്നിവർ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. 'സുഗമമായ ഗതാഗതം ഉറപ്പാക്കിയാൽ മാത്രം ടോൾ പിരിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അന്തസത്ത ഈ ഉത്തരവ് ഉൾക്കൊണ്ടില്ല' എന്ന് ഹർജിക്കാർ ആരോപിച്ചു. വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടാത്തതിനെതിരെയും രൂക്ഷവിമർശനം ഉയർന്നു.
തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപകടസാധ്യതയും ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിട്ടും കോടതി ടോൾ പിരിവിന് അനുമതി നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഹർജിക്കാർ പറഞ്ഞു. അതേസമയം, വർധിപ്പിച്ച ടോൾ നിരക്ക് ഈടാക്കാൻ കോടതി അനുമതി നൽകിയിട്ടില്ല, രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.