പള്ളുരുത്തി സെന്റ്.റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ കുട്ടിക്ക് സര്‍ക്കാര്‍ സംരക്ഷണം കൊടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാല്‍ ഉത്തരവാദിത്തം സ്കൂളിനാണ്. ശിരോവസ്ത്രം ധരിച്ച ടീച്ചര്‍, അത് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണ്. യൂണിഫോം നിറമുള്ള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന് മറുപടി പറയേണ്ടത് ലീഗല്‍ അഡ്വൈസറല്ലെന്നും ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട വിഷയം വഷളാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം കുട്ടിയെ ഇനി സ്കൂളിലേക്ക് വിടില്ലെന്ന് പിതാവ്. കുട്ടിയെ സെന്‍റ് റീത്താസ് സ്കൂളില്‍ നിന്ന് മാറ്റും. സ്കൂള്‍ അധികൃതര്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥി കഴിഞ്ഞദിവസവും സ്‌കൂളിലെത്തിയിരുന്നില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥി കഴിഞ്ഞ ദിവസങ്ങളിൽ അവധിയായിരുന്നു.
സ്‌കൂൾ ചട്ടങ്ങളും നിബന്ധനകളും പാലിക്കാമെന്ന് രേഖാമൂലം എഴുതി നൽകണമെന്ന സ്‌കൂൾ അധികൃതരുടെ ആവശ്യത്തിൽ വിദ്യാർഥിയുടെ മാതാപിതാക്കൾ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതിയിലെ നിയമനടപടികൾ തുടരട്ടെ എന്ന നിലപാടിലാണ് സ്‌കൂൾ അധികൃതർ. സ്കൂളിന് പൊലീസ് സുരക്ഷ തുടരുകയാണ്. പൊലീസ്, വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സമവായ ചർച്ച നീക്കങ്ങൾ നടക്കുന്നുണ്ട്.