മരിച്ച കുട്ടിയുടെ പിതാവ് സനൂപ് (ഫയല്‍ ചിത്രം)

താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയുടെ സങ്കീർണതകൾ മൂലമാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ചികിത്സ പിഴവ് ഉണ്ടെന്നാരോപിച്ച് പിതാവ് സനൂപ് താമരശേരി താലൂക്ക് ആശുപത്രി ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ചിരുന്നു.

ഓഗസ്റ്റ് 14നാണ് താമരശേരി സ്വദേശി സനൂപിന്‍റെ ഒൻപതുവയസുള്ള മകള്‍ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കടുത്ത പനിയെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിക്കുന്നത്. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ എത്തുമ്പോഴേയ്ക്കും കുട്ടി മരിച്ചു.

താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണ് തന്‍റെ മകൾ നഷ്ടപ്പെടാൻ കാരണമെന്ന് അന്ന് സനൂപ് ആരോപിച്ചിരുന്നു. പലതവണ താലൂക്ക് ആശുപത്രിയിലെത്തി സൂപ്രണ്ടിനെ കണ്ട് ഇതേ പരാതി സനൂപ് ഉന്നയിക്കുകയും ചെയ്തു. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടാൻ വൈകുന്നതായും പരാതിപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് മക്കളൊടൊപ്പെം ആശുപത്രിയിൽ എത്തിയ സനൂപ് സൂപ്രണ്ട് ഓഫീസിൽ കയറി ഡോ. വിപിനെ വെട്ടിയത്. വിപിൻ കുട്ടിയെ പരിശോധിച്ച ഡോക്ടറായിരുന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടർ അനീഷ് പിന്നീട് കണ്ണൂർ ആശുപത്രിയിലേക്ക് സ്ഥലം മാറിപ്പോയി. സൂപ്രണ്ട് ആണെന്ന് കരുതിയാണ് വിപിനെ വെട്ടിയതെന്നായിരുന്നു സനൂപിന്‍റെ മൊഴി.

ENGLISH SUMMARY:

The postmortem report has ruled out amoebic meningoencephalitis as the cause of death for the Thamarassery fourth-grade girl. She died from complications related to viral pneumonia due to Influenza A infection. Her father, Sanoop, had attacked a doctor at Thamarassery Taluk Hospital, alleging medical negligence and delay in the postmortem report. The doctor he injured was not the one who treated the child, officials confirmed.