rain-clouds-2

തുലാമഴയ്ക്ക് മുന്നോടിയായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,  പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കി. 

Also Read: കനത്ത ഇടിയും മഴയും; കണ്ണൂരില്‍ മിന്നലേറ്റ് രണ്ടു മരണം

തിരുവന്തപുരത്ത് കനത്ത തിരയില്‍പെട്ട് വളളത്തില്‍ നിന്ന് തെറിച്ച് വീണ് കാണാതായ മത്സ്യത്തൊഴിലാളി ഷഹാനുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ 18 വരെ  മത്സ്യബന്ധനം വിലക്കി.

കനത്തമഴയെ തുടര്‍ന്ന് ഇടുക്കി അടിമാലി ചൂരകട്ടന്‍ ആദിവാസി ഉന്നതിയിൽ മണ്ണിടിച്ചിൽ. ചൂരകട്ടന്‍ ഉന്നതി സ്വദേശിയായ അരുണിന്‍റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. മണ്ണിനടിയിൽ കുടുങ്ങിയ അരുണിനെ അരമണിക്കൂറിലേറെ പണിപ്പെട്ടാണ് അഗ്നി രക്ഷാസേനയും പ്രദേശവാസികളും ചേർന്ന് പുറത്തെടുത്തത്. അരുണിനെ അടിമാലിയി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

അടിമാലി മേഖലയിൽ നാല് മണിക്കൂറോളം പെയ്ത ശക്തമായ മഴയിൽ ദേവിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ട് രൂപപ്പെട്ടു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ENGLISH SUMMARY:

IMD predicts strong rain and lightning in Kerala. Yellow alerts issued for 6 districts. Fishermen missing, fishing banned, and a landslide reported in Idukki.