തുലാവർഷമെത്തും മുന്‍പേ  സംസ്ഥാനത്ത് പരക്കെ  ശക്തമായ മഴയും ഇടിമിന്നലും മരണവും. കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചു. ചെങ്കല്‍ തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത് . മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ക്ക് മിന്നലേറ്റു. എക്കാപറമ്പില്‍ കെട്ടിട നിര്‍മാണത്തിനിടെയാണ് അപകടം‌. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിരുവനന്തപുരത്ത് തിരയിൽ പെട്ട് മത്സ്യതൊഴിലാളിയെ കാണാതായി.  പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാനെയാണ് കാണാതായത്. തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുന്നു. അപ്രതീക്ഷിത പെരുമഴയിൽ ജനം വലഞ്ഞു. 

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 8 ജില്ലകളിൽ യെലോ  അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ യെലോ അലർട്ട് നല്‍കി.  രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും. തുലാവർഷത്തിനുള്ള അന്തരീക്ഷഘടകങ്ങൾ അനുകൂലമായുണ്ട്. വരുന്ന 5 ദിവസം  ശക്തമായ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

ENGLISH SUMMARY:

Lightning strike kills two in Kannur, Kerala. The incident occurred during heavy rainfall, and authorities have issued yellow alerts for several districts.