youth-congressn

TOPICS COVERED

യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനത്തിനെതിരെ ഹൈക്കമാൻഡിനെ സമീപിക്കാൻ എ, ഐ ഗ്രൂപ്പുകൾ . അബിൻ വർക്കിയെ തഴഞ്ഞതിൽ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും കെ.എം അഭിജിത്തിനെ പരിഗണിക്കാത്തതിൽ എ ഗ്രൂപ്പും കടുത്ത അതൃപ്തിയിലാണ്. സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന അബിൻ വർക്കിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ സൂചിപ്പിച്ചു. അബിൻ വർക്കിയെ മാറ്റിനിർത്തിയതിനെതിരെ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ രംഗത്തെത്തി. 

സംഘടനാ തിരഞ്ഞെടുപ്പിൽ കേവലം 19,000 വോട്ടുമായി നാലാം സ്ഥാനത്തെത്തിയ ഒ.ജെ ജനീഷിനിനെ പ്രസിഡന്‍റും മത്സരിക്കാത്ത ബിനു ചുള്ളിയിലിനെ വർക്കിങ്ങ് പ്രസിഡന്‍റുമാക്കിയ നടപടിയിലാണ് എ, ഐ ഗ്രൂപ്പുകൾക്ക് കടുത്ത അമർഷം. ഒന്നേമുക്കാൽ ലക്ഷം വോട്ട് നേടി രണ്ടാം സ്ഥാനത്തുള്ള അബിൻ വർക്കിയെ തഴഞ്ഞതിൽ സാമാന്യനീതിയുടെ ലംഘനം ഉണ്ടായെന്നാണ് രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന്‍റെ പരാതി. 

എ ഗ്രൂപ്പിന്‍റെ ഭാഗമായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പിൻഗാമിയെ കൊണ്ടുവരുമ്പോൾ കെ.എം. അഭിജിത്തിനെ നിയമിക്കണമെന്ന അഭിപ്രായം മാനിച്ചില്ലെന്ന പരാതി എ ഗ്രൂപ്പിനുമുണ്ട്. പുതിയ നേതൃത്വത്തോട് നിസഹകരണം പ്രഖ്യാപിക്കണമെന്ന് അഭിപ്രായം ഗ്രൂപ്പുകൾക്ക് ഉണ്ടെങ്കിലും ആദ്യം ഹൈക്കമാൻഡിനെ പരാതി അറിയിക്കാനാണ് തീരുമാനം. അതേസമയം തീരുമാനങ്ങളിൽ മാറ്റം ഉണ്ടാകില്ലെന്ന സൂചനയാണ് കെ.സി. വേണുഗോപാൽ നൽകിയത്. 

ഇതിനിടെ, അബിനെ പിന്തുണച്ചും തീരുമാനത്തെ വിമർശിച്ചും സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ രംഗത്തെത്തി. ശബരിമല സ്വർണ്ണപ്പാളി മോഷണത്തിൽ കടുത്ത സമരം നടക്കുന്ന പശ്ചാത്തലത്തിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലും ഉടൻ സമവായം കണ്ടെത്തണമെന്ന പൊതു വികാരമാണ് പാർട്ടിയിലാകെ ഉയരുന്നത്. 

ENGLISH SUMMARY:

Youth Congress controversy: A and I groups are approaching the High Command. The groups are deeply dissatisfied with the appointment of the new leadership.