ശബരിമല സ്വർണ്ണ കവർച്ചയിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ കോടതിയിൽ സമർപ്പിച്ച എസ്ഐടി സന്നിധാനത്തുനിന്ന് പരമാവധി വിവരങ്ങൾ ശേഖരിച്ചു. ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം കൊള്ളയടിച്ചു, ശ്രീകോവിലെ കട്ടിളപ്പാളികളിലെ സ്വർണ്ണം കൊള്ളയടിച്ചു എന്നിങ്ങനെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യത്തെ കേസിൽ 10 പ്രതികളും രണ്ടാമത്തെ കേസിൽ എട്ട് പ്രതികളുമുണ്ട്.
പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി പത്തനംതിട്ടയിൽ പ്രത്യേക ക്യാംപ് തുറക്കും. സന്നിധാനത്തെ രജിസ്റ്ററുകളും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ പാളി കൊടുത്തുവിടാനുള്ള ഉത്തരവുകളും എസ്ഐടിയുടെ കൈവശമുണ്ട്. ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഹൈക്കോടതി നിയമിച്ച അമിക്കസ്ക്യൂറി ജസ്റ്റിസ് കെ.ടി.ശങ്കരനും സന്നിധാനത്തെ കണക്കെടുപ്പ് പൂർത്തിയാക്കി മടങ്ങി.
ശബരിമലയിലെ സ്വര്‍ണക്കടത്തില്‍ , പൊലീസ് കേസ് എടുത്ത ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് നടപടി പ്രഖ്യാപിക്കും. 2019 ല്‍ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി.മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ സര്‍വീസിലുള്ള എന്‍ജിനീയര്‍ കെ.സുനില്‍കുമാറിനെതിരെയും കടുത്ത നടപടി വരും. വിരമിച്ചരായ 2019ലെ എക്സിക്യുട്ടിവ് ഓഫിസര്‍ സുധീഷ് കുമാര്‍, ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ശ്രീകുമാര്‍, തിരുവാഭരണ കമ്മിഷണര്‍മാരായ കെ.എസ്.ബൈജു, ആര്.ജി.രാധാകൃഷ്ണന്, പാളികള്‍ തിരികെ പിടിപ്പിച്ചപ്പോള്‍ എക്സിക്യുട്ടിവ് ഓഫിസറായിരുന്ന രാജേന്ദ്ര പ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ കെ.രാജേന്ദ്രന് നായര്‍ എന്നിവര്‍ക്കെതിരായ നടപടി എങ്ങിനെ വേണമെന്ന് തീരുമാനിക്കും. കേസ് എടുത്തിട്ടില്ലെങ്കിലും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള സ്വര്ണപ്പണിക്കാരന് വി.എം. കുമാറിനെതിരെയും നടപടി വന്നേക്കും.