ഇ.ഡി സമന്‍സോടെ ലാവ്‌ലിന്‍ കേസ് വീണ്ടും വാര്‍ത്തകളില്‍ തിരിച്ചെത്തുകയാണ്.  ലാവ്‌ലിനില്‍‌ മുഖ്യമന്ത്രിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാതെ അനന്തമായി നീളുന്നത് പ്രതിപക്ഷം വീണ്ടും ആയുധമാക്കുന്നു.   മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതുമുള്‍പ്പെടെ നാല്‍പതിലേറെ തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തത്.  ഹര്‍ജി ഇനി എന്ന് പരിഗണിക്കുമെന്നും വ്യക്തതയില്ല.

ലാവ്‌‌ലിന്‍ കേസില്‍ പിണറായി വിജയനടക്കം മൂന്നുപേരെ വിചാരണയില്ലാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി ഹൈക്കോടതി ശരിവച്ചതിനെതിരെയാണ് സിബിഐയുടെ അപ്പീല്‍.  2017 ഡിസംബര്‍ 19നാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. എട്ടുവര്‍ഷത്തോടടുക്കുമ്പോഴും ഹര്‍ജിയില്‍ ഇന്നും വാദം പൂര്‍ത്തിയായിട്ടില്ല.  ലിസ്റ്റ് ചെയ്തും പരാമര്‍ശത്തിലൂടെയും നാല്‍പതിലേറെ തവണ ഹര്‍ജി സുപ്രീം കോടതി ബെഞ്ചുകള്‍ക്ക് മുന്നിലെത്തി.  പലകാരണങ്ങളാല്‍ കേസ് മാറ്റിവയ്ക്കപ്പെട്ടു.  സാധാരണ ഗതിയില്‍ ഹര്‍ജി വേഗം പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് ഹര്‍ജിക്കാരാണ്.  എന്നാല്‍ ഇവിടെ ഒട്ടേറെ തവണ കേസ് മാറ്റാന്‍ ആവശ്യപ്പെട്ടത് ഹര്‍ജിക്കാരായ സിബിഐ.  

ജസ്‌റ്റിസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനുമടങ്ങുന്ന ബെഞ്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിനാണ് കേസ് അവസാനം പരിഗണിച്ചത്.  അന്ന് 2024 മേയ് ഒന്നിന് അന്തിമ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും വീണ്ടും മാറ്റി.  സുപ്രീം കോടതി വെബ്സൈറ്റിലെ വിവരപ്രകാരം 2024 മെയ് 16നാണ് ഹര്‍ജി അവസാനം ലിസ്റ്റ് ചെയ്തത്.  അന്നും ഹര്‍ജി പരിഗണിക്കപ്പെട്ടില്ല.  സിബിഐയുടെ അപ്പീലിനുപുറമേ ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ നല്‍കിയ ഹര്‍ജിയും വിചാരണ നേരിടണമെന്ന വിധിക്കെതിരെ മൂന്ന് ഉദ്യോഗസ്ഥർ നൽകിയ അപ്പീലും സുപ്രീം കോടതിയിലുണ്ട്.  

ENGLISH SUMMARY:

Lavlin Case is back in the news with the ED summons. The endless delay in the Supreme Court's consideration of the CBI's petition against the Chief Minister in the Lavlin case is being weaponized by the opposition.