TOPICS COVERED

ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയയുടെ ഭാഗമായി ഉയര്‍ന്ന സോഷ്യല്‍മീഡിയ വിമര്‍ശനങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി നടി സജിതാ മഠത്തില്‍. തനിക്ക് തലയില്‍ വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളുവെന്ന് സജിതാ മഠത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പുറത്ത് നിന്ന് നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നില്ലായിരുന്നുവെന്നും സജിത പറയുന്നു

2019ല്‍ ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വീട്ടില്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോ പങ്കുവച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ‘ഓപ്പണ്‍ സര്‍ജറി ചെയ്ത ഭാഗത്ത് എന്റെ മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളു. പുറത്ത് നിന്നും നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നുകയില്ലായിരുന്നു. ഓപ്പറേഷന്‍ വിവാദങ്ങള്‍ കണ്ടപ്പോള്‍ വെറുതെ ഓര്‍ത്തു പോയെന്ന് മാത്രം’എന്നാണ് സജിത കുറിച്ചത്. 

നടിയുടെ പോസ്റ്റ് കണ്ട് ഒട്ടേറെപ്പേര്‍  കമന്റുകളുമായി എത്തിയെങ്കിലും വലിയ ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ നീണ്ടതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. താടിയും മീശയും ഷേവ് ചെയ്യാതെയെങ്ങനെയാണ് ഷാഫിക്ക് സര്‍ജറി നടത്തിയത് എന്നായിരുന്നു സോഷ്യല്‍മീഡിയയിലെ പോയദിനത്തിലെ ചര്‍ച്ച. ഈ വിഷയത്തില്‍ നിഷാന്‍ പരപ്പനങ്ങാടി ഫെയ്സ്ബുക്കിലിട്ട പോസ്റ്റും  സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇത്തരം സര്‍ജറികളില്‍ താടിയോ മീശയോ ഷേവ് ചെയ്യേണ്ട കാര്യമില്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ പോസ്റ്റ്.

മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ആരോടെങ്കിലും ഒരാളോട് ചോദിച്ചാൽ നിമിഷങ്ങൾ കൊണ്ട് വ്യക്ത വരുത്താമെന്നിരിക്കെ, സർജറി വ്യാജമാണെന്ന് പറഞ്ഞ് ആശ്വസിച്ച് നടക്കുന്ന സൈബർ അന്തങ്ങളെ സമ്മതിച്ചേ മതിയാകൂവെന്നുകൂടി നിഷാന്‍ പോസ്റ്റില്‍ പറയുന്നു. 

ENGLISH SUMMARY:

Shafi Parambil surgery controversy focuses on the social media reactions to Shafi Parambil's surgery and Sajitha Madathil's response. The article discusses social media debates surrounding Shafi Parambil's surgery, and a post by actress Sajitha Madathil, and a related post by Nishan Parappanangadi.