മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് പാലക്കാട് പിരായിരിയിൽ സംഘർഷം. ഉദ്ഘാടന വേദിയിലേക്ക് പോകുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

പത്തു മിനിറ്റോളം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രാഹുലിന്റെ കാർ തടഞ്ഞിട്ടു. ഇതോടെ കാറിൽ നിന്ന് ഇറങ്ങിയ രാഹുൽ കാൽനടയായി മുന്നോട്ട് പോകാൻ ശ്രമിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിൽ പരസ്പരം ഏറ്റുമുട്ടലും കയ്യാങ്കളിയുമുണ്ടായി.

ഏകദേശം നാനൂറിലധികം പൊലീസുകാരെ സുരക്ഷയ്ക്കായി സ്ഥലത്ത് വിന്യസിച്ചിരുന്നുവെങ്കിലും പ്രതിഷേധം ശക്തമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ അദ്ദേഹത്തെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐയും ബി.ജെ.പി.യും ഉൾപ്പെടെയുള്ള യുവജന സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.  

വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച് രാഹുൽ

പ്രതിഷേധങ്ങളെ മറികടന്ന് റോഡ് ഉദ്ഘാടന വേദിയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ പ്രസംഗത്തിൽ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും രാഷ്ട്രീയ നിലപാടുകൾ ആവർത്തിക്കുകയും ഒപ്പം പ്രതിഷേധക്കാരെ വെല്ലുവിളിക്കുകയും ചെയ്തു.

"മറ്റന്നാൾ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനമുണ്ട്. ഇന്ന് വന്ന എല്ലാവരും അന്നും വരണം. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാം. വഴി തടഞ്ഞാൽ കാൽനടയായി പോകും," എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധക്കാരെ വെല്ലുവിളിച്ചു.

വർഗീയതയെ തോൽപ്പിക്കാൻ മതേതരത്വം: "പിരായിരി എന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് ഇന്ന് ഭ്രാന്താവുകയാണ്. വർഗീയ പ്രചാരണങ്ങളെ അതിജീവിച്ച് മതേതരത്വത്തെ ചേർത്തുപിടിക്കുന്ന നാടാണിത്. ഈ മണ്ണിന് ഒരു പ്രത്യേകതയുണ്ട്. കടുത്ത വർഗീയ പ്രചരണങ്ങളെ അതിജീവിച്ചുകൊണ്ട് എല്ലാ കാലത്തും ഐക്യജനാധിപത്യ മുന്നണിയുടെ മതേതരത്വത്തെ ചേർത്തുപിടിക്കുന്നവരാണ് ഈ നാട്ടിൽ വിജയിക്കുന്നത്," രാഹുൽ പറഞ്ഞു.

സർക്കാർ വിവേചനം: പാലക്കാട് എം.എൽ.എയോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നതായും രാഹുൽ ആരോപിച്ചു. "139 എം.എൽ.എമാർക്ക് നൽകുന്ന ഫണ്ട് ഇവിടെ തരാറില്ല. നവകേരള സദസ്സിൻ്റെ ഫണ്ട് വിതരണത്തിൽ കേരളത്തിലെ എല്ലാ എം.എൽ.എമാർക്കും കുറഞ്ഞത് ഏഴ് കോടി രൂപ വീതം നൽകിയപ്പോൾ പാലക്കാടിൻ്റെ എം.എൽ.എക്ക് മാത്രം ആകെ 5.10 കോടി രൂപയാണ് നൽകിയത്," രാഹുൽ വ്യക്തമാക്കി.

ഈ അഞ്ചു കോടി രൂപ ഉപയോഗിച്ച് പിരായിരി പഞ്ചായത്തിനെ കവർ ചെയ്യുന്ന റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും സൈക്കിൾ ട്രാക്ക്, നടപ്പാത, ബ്യൂട്ടിഫിക്കേഷൻ എന്നിവ ഉൾപ്പെടുത്തി റോഡ് സൗന്ദര്യവൽക്കരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Rahul Mamkootathil faced protests from DYFI workers in Palakkad, leading to clashes. Despite the disruptions, he addressed the crowd, highlighting development works and reiterating his political stance, while criticizing the state government for discrimination against Palakkad MLA in fund allocation.