വിവേക് കിരണ്‍, പിണറായി വിജയന്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിന് സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍. ഇഡി കേസ് റജിസ്റ്റര്‍ ചെയ്തത് 2020ലാണ്. ഒരു സമന്‍സ് മാത്രമാണ് അയച്ചത്. വിവേക് കിരണിനെ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയിലാണ്. നേരത്തെ ചോദ്യം ചെയ്തവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. വിവേക് പഠിച്ചിരുന്നത് യുകെയിയില്‍. ദിലീപ് രാഹുലന് പ്രവര്‍ത്തിച്ചിരുന്നതും യുകെ കേന്ദ്രീകരിച്ച്. പസഫിക് കണ്ട്രോള് സ്ഥാപനത്തിന്റെ ഉടമയായ ദിലീപ് രാഹുലന് ലാവലിന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിനെതിരായ ഇ.ഡി. സമന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി. സമന്‍സ് അയച്ചോയെന്ന് ഇപ്പോഴും അറിയില്ല. സമന്‍സില്‍ തുടര്‍നടപടി സ്വീകരിച്ചില്ല എന്നതിന് അര്‍ഥം കഴമ്പില്ല എന്നാണ്. വാര്‍ത്ത അസംബന്ധമെന്ന് തെളിഞ്ഞു. സമന്‍സ് അയച്ചെങ്കില്‍ തെളിയിക്കേണ്ടത് വാര്‍ത്ത നല്കിയ പത്രമാണെന്നും എം.എ ബേബി മനോരമന്യൂസിനോട് പറഞ്ഞു. സമന്‍സിനെപ്പറ്റി മുഖ്യമന്ത്രി പാര്‍ട്ടിയെ അറിയിക്കേണ്ടതില്ലെന്നും ബേബി ഡല്‍ഹിയില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിനെതിരായ ഇഡി സമന്‍സില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ പ്രതികരണത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ് ലഭിച്ചോ എന്നതിൽ വ്യക്തത വരുത്താതിരുന്ന സി പി എം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ സ്ഥിരീകരണം.