ഹിജാബിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്കൂൾ അടച്ചു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലാണ് പ്രശ്നം. ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി വിദ്യാർഥിനി. യൂണിഫോമല്ലാതെ മറ്റുവസ്ത്രങ്ങൾ പറ്റില്ലെന്ന് സ്കൂള്‍ മാനേജ്മെന്റും നിലപാടെടുത്തു. സ്കൂൾ രണ്ട് ദിവസത്തേയ്ക്ക് അടച്ചിട്ടു. പൊലീസ് കാവലും ഏർപ്പെടുത്തി. സ്കൂൾ ഹൈക്കോടതിയെ സമീപിച്ചു.
യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിച്ചെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ അധികൃതർ വിലക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്റെ കുട്ടി അഹങ്കാരിയും ധിക്കാരിയുമാണെന്ന് പറഞ്ഞ് മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് വിദ്യാർഥിനിയുടെ പിതാവ് ആരോപിച്ചു. സ്കൂളിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചില സംഘടനകൾ മാർച്ച് നടത്തിയതോടെയാണ് സ്ഥിതി വഷളായത്. വിദ്യാർത്ഥികൾക്കിടയിൽ ഭയവും ആശങ്കയും വർധിച്ച സാഹചര്യത്തിൽ സ്കൂളിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
യൂണിഫോം കോഡ് എല്ലാവർക്കും ഒരുപോലെയാണെന്നും മതപരമായ വിവേചനത്തിന് ഇടനൽകുന്ന വസ്ത്രധാരണം അനുവദിക്കാനാവില്ലെന്നും സ്കൂൾ മാനേജ്മെന്റും പിടിഎയും വ്യക്തമാക്കുന്നു. എഇഒയുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും പൂർണ്ണമായ പരിഹാരമായിട്ടില്ല.