സംസ്ഥാനത്തെ പൊതുമേഖലയെ ഇറച്ചി വിലയ്ക്ക് വില്‍ക്കുന്ന സര്‍ക്കാരല്ല ഇതെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി. പൊതുമേഖലയെ ചേര്‍ത്തുപിടിച്ചുള്ള വികസനവും വളര്‍ച്ചയുമാണ് സംസ്ഥാനം കൈവരിച്ചെതന്ന് അവകാശപ്പെട്ട മന്ത്രി കെ.എന്‍.ബാലഗോപാല്‍ 8500 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കിയെന്നും വ്യക്തമാക്കി. 125 കോടി  രൂപ വീതം മാസം കെഎസ്ആര്‍ടിസിക്ക് ശമ്പളവും  പെന്‍ഷനും നല്‍കാനായി അനുവദിക്കുന്നുണ്ടെന്നും എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കാന്‍ കഴിയുന്നുണ്ടെന്നും പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ 127 കോടി രൂപയും വര്‍ക്ഷോപ്പുകളുടെ ആധുനികവല്‍ക്കരണത്തിന് 40 കോടിയും കെഎസ്ആര്‍ടിസിയുടെ സോഫ്റ്റുവെയര്‍ വികസനത്തിന് 12 കോടി രൂപയും പ്രഖ്യാപിച്ചു.   Also Read: ക്ഷേമപെന്‍ഷെന് 14500 കോടി പ്രഖ്യാപിച്ച് ധനമന്ത്രി

വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയെന്നും ഈ ഇനത്തില്‍ സപ്ലൈകോയ്ക്ക് 3435 കോടി രൂപ നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. 582908 റേഷന്‍ കാര്‍ഡുകള്‍ പുതിയതായി അനുവദിച്ചുവെന്നും പത്തുവർഷക്കാലത്ത് കേരളത്തിൽ പവർകട്ടോ ലോഡ് ഷെഡ്ഡിങോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.  9.79 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ അനുവദിച്ചുവെന്നും ബജറ്റില്‍ പറയുന്നു. 

നെല്ലിന്‍റെ സംഭരണ വില മുപ്പത് രൂപയായും റബറിന്‍റെ താങ്ങുവില 200 രൂപയായും ഉയര്‍ത്തി. 2720.15 കോടി രൂപ നെല്ല് സംഭരണത്തിനായി ചെലവഴിച്ചുവെന്നും  മന്ത്രി പറഞ്ഞു.  അഞ്ച് വര്‍ഷക്കാലം അഭൂതപൂര്‍വമായ വളര്‍ച്ചയാണ് വ്യവസായ രംഗത്തുണ്ടായതെന്ന് ബജറ്റ് അവകാശപ്പെടുന്നു. 3.9 ലക്ഷം പുതിയ സംരംഭങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരംഭിച്ചുവെന്നും 22000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് എത്തിയെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളുടെ എണ്ണം 1160 ആയി വര്‍ധിച്ചുവെന്നും കണക്കുകള്‍ പറയുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം ഒന്നാമതാണെന്നും മന്ത്രി അവകാശപ്പെടുന്നു. 

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ സ്മരണാര്‍ഥം തിരുവനന്തപുരത്ത് വിഎസ്  സെന്‍റര്‍ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സെന്‍ററിനായി 20 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

ENGLISH SUMMARY:

In the 2026 Kerala State Budget, Finance Minister K.N. Balagopal highlighted the government's steadfast support for public sector undertakings, contrasting it with the central government's privatization policies. The minister announced that ₹8,500 crore has been provided to KSRTC, ensuring timely salaries and pensions on the first of every month. To combat market inflation, ₹3,435 crore was allocated to Supplyco for effective market intervention. A key highlight for the farming sector is the increase in the support price for rubber to ₹200 and paddy to ₹300 per quintal. The budget also showcased industrial growth, noting that 3.9 lakh new ventures were started in the last five years, bringing in ₹22,000 crore in investments. Additionally, ₹20 crore was earmarked for the V.S. Achuthanandan Centre. Kerala’s top rank in the Ease of Doing Business index was also reaffirmed during the speech. Significant progress in public utilities was mentioned, including the addition of 9.79 lakh water connections and the absence of power cuts for a decade. The IT sector continues to thrive with 1,160 active companies across the state's technology parks.