ശബരിമലയിലെ സ്വർണക്കവർച്ചയിൽ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങൾ വിജിലൻസ് റിപ്പോർട്ടിൽ. ദേവസ്വം ബോർഡിനെ സംശയിക്കുന്നതിനൊപ്പം നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ദേവസ്വം ബോർഡ് ജീവനക്കാർക്കുമൊപ്പം 2019 ലെ ദേസ്വം ബോർഡ് ഭരണസമിതിയും കേസിൽ പ്രതികളായി. രണ്ട് കിലോ സ്വർണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ആസൂത്രണ വഴികൾ തെളിഞ്ഞതിനൊപ്പം ചെമ്പല്ല സ്വർണപ്പാളിയെന്ന് രേഖപ്പെടുത്തി വിയോജനക്കുറിപ്പ് എഴുതിയ തന്ത്രി കണ്‌ഠര് രാജീവരെയും ഉദ്യോഗസ്ഥർ കബളിപ്പിച്ചതായി കണ്ടെത്തി. ദേവസ്വം വിജിലൻസ് റിപ്പോർട്ടിൻ്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ശബരിമലയിലെ സ്വർണ കൊള്ളയ്ക്ക് പിന്നിൽ ഉദ്യോഗസ്ഥ താല്പര്യം മാത്രമെന്ന് കാണാൻ കഴിയില്ല. 2019 ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഉണ്ടോയെന്ന് സംശയിക്കേണ്ടി വരും. നിയമവിരുദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദേവസ്വത്തിന് പുറത്തു കൊണ്ട് പോയി സ്വർണ്ണം പൂശാൻ ഇടയായത് 2019 ലെ ബോർഡിന്റെ വീഴ്ചയാണ്. ബോർഡിനെതിരെയും തുടർനടപടി വേണമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥരും ഉണ്ണിക്കൃഷ്ണൻ പോറ്റിയും മാത്രം അറിഞ്ഞ് ശബരിമലയിലെ സ്വർണം കടത്താനാവില്ലെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതോടെ 2019 ൽ എ.പത്മകുമാർ പ്രസിഡന്റായ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി കേസിൽ എട്ടാം പ്രതിയായി. ദ്വാരപാലക ശിൽപപാളികൾ തോന്നും പടി കൈകാര്യം ചെയ്തു. സന്നിധാനത്ത് നിന്ന് കൊണ്ടുപോയത് ബംഗളൂരുവിലെക്ക്. അവിടെ നിന്ന് ഹൈദരാബാദിൽ കൊണ്ടു പോയി. പിന്നീടാണ് ചെന്നൈയിലെത്തിച്ചത് സ്വർണം പൂശിയ ശേഷം ജയറാമിൻ്റെ വീട്ടിൽ കൊണ്ടു പോയതിനും സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർ വേഷം തട്ടിപ്പ്. പോറ്റിക്ക് കാര്യമായ സ്ഥിരവരുമാനമില്ല. 2 കിലോ സ്വർണം ലക്ഷ്യമിട്ടാണ് ശബരിമലയിലെത്തിയത്. ശബരിമലയിൽ നടത്തിയ സ്പോൺസർഷിപ്പെല്ലാം അനേഷിക്കണം. ചുരുങ്ങിയ കാലം കൊണ്ട് പോറ്റി നടത്തിയത് 9 സ്പോൺസർ ഇടപാടുകളെന്നും റിപ്പോർട്ടിലുണ്ട്.
ശബരിമലയുടെ കാര്യത്തിൽ അന്തിമ വാക്കായ തന്ത്രിയെയും കബളിപ്പിച്ചതായി വിജിലൻസ് റിപ്പോർട്ടിലുണ്ട്. സ്വർണ്ണപ്പാളിയാണ് ചെമ്പല്ലെന്ന് വ്യക്തമാക്കി 19.07.2019 ലെ മഹസറിൽ തന്ത്രി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഒപ്പിട്ടു. അടുത്ത ദിവസത്തെ അനുമതി പത്രത്തിൽ തന്ത്രിയുടെ പേര് മാത്രം ഒപ്പില്ല. ഇത് ദേവസ്വം ഉദ്യോഗസ്ഥർ ബോധപൂർവം ചെയ്തതാണെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും. ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക വിവരശേഖരണം ഇഡി ആരംഭിച്ചു. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കും. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇതിന്‍റെ ചുവടുപിടിച്ചായിരിക്കും ഇഡി അന്വേഷണം. സ്വര്‍ണംപൂശുന്നതിന്‍റെ മറവിലടക്കം വന്‍ സാമ്പത്തികയിടപാടുകള്‍ നടന്നതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ഇതില്‍ കള്ളപ്പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നായിരിക്കും ഇഡി പരിശോധിക്കുക.
കട്ടിളപ്പടി സ്വര്‍ണക്കൊള്ളയില്‍ മറുപടി പറയേണ്ടവരെല്ലാം പറയേണ്ടി വരുമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍. ദേവസ്വംബോര്‍ഡിനെ പ്രതിയാക്കി കേസ് എടുത്തിനിെന കുറിച്ച് അറിയില്ല. അങ്ങനൊരു എഫ്ഐആര്‍ ഉള്ളതായി അറിയില്ല. വ്യവസ്ഥാപിതമായല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും വീഴ്ചയുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും എ. പത്മകുമാര്‍. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തന്‍ തീരുമാനിച്ചിരിക്കുകയാണെന്നും തന്റെ ഭരണകാലത്താണ് കുഴപ്പമെങ്കില്‍ ഏറ്റെടുക്കാന്‍ തയാറാണെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ശബരിമല യോഗദണ്ഡ് സ്വര്‍ണം പൂശല്‍ വിവാദത്തില്‍ പ്രതികരിച്ച് ദണ്ഡില്‍ സ്വര്‍ണം ചുറ്റിയ അശോക് കുമാര്‍. സ്വര്‍ണം തന്നത് പത്മകുമാര്‍ ആണെന്നും ‘സ്വര്‍ണം ചുറ്റിയത് സന്നിധാനത്ത് വച്ചാണെന്നും അശോക് കുമാര്‍ പറഞ്ഞു. പത്മകുമാറിനൊപ്പം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നും അശോക് കുമാര്‍ പറഞ്ഞു.