ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി നഷ്ടപ്പെട്ടതില്‍ സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയോടും, നിര്‍മാതാക്കളായ സ്മാര്‍ട്ട് ക്രിയേഷന്‍ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയോടും സന്നിധാനത്ത് എത്താന്‍ ആവശ്യപ്പെട്ട് ജസ്റ്റിസ് കെ.ടി.ശങ്കരന്‍. ഈമാസം പതിനേഴിന് ശബരിമലയില്‍ പതിപ്പിക്കാന്‍ പണിതീര്‍ത്തിട്ടുള്ള പുതിയ ദ്വാരപാലക ശില്‍പ്പങ്ങളുടെ നിലവാര പരിശോധനയില്‍ ഇരുവരുടെയും സാന്നിധ്യം വേണമെന്നാണ് ആവശ്യം.
ഒളിവിലുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റി സന്നിധാനത്ത് എത്തുമോ എന്നതിലാണ് ആകാംഷ. സ്മാര്‍ട്ട് ക്രിയേഷന്‍ പ്രതിനിധികള്‍ എത്തിയേക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ അമൂല്യ വസ്തുക്കളുടെ മൂല്യനിര്‍ണയത്തിന് ഹൈക്കോടതിയാണ് ജസ്റ്റിസ് കെ.ടി.ശങ്കരനെ ചുമതലപ്പെടുത്തിയത്. സന്നിധാനത്തെ സ്ട്രോംങ് റൂം തുറന്ന് ദേവസ്വം ബോര്‍ഡിന്‍റെ പട്ടികയിലുള്ള അമൂല്യ വസ്തുക്കളുടെ ആദ്യദിനത്തിലെ കണക്കെടുപ്പ് ഇന്നലെ പൂര്‍ത്തിയായതിന് പിന്നാലെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും പങ്കജ് ഭണ്ഡാരിയെയും വിളിപ്പിച്ചത്.
സന്നിധാനത്തെ പരിശോധന ഇന്നും തുടരും. ശബരിമലയിലെ മൂല്യമേറിയ തങ്ക അങ്കി ഉള്‍പ്പെടെ സൂക്ഷിച്ചിട്ടുള്ള ആറന്മുളയിലെ സ്ട്രോങ് റൂം നാളെ തുറന്ന് ജസ്റ്റിസ് കെ.ടി.ശങ്കരന്‍ പരിശോധിക്കും. ഈയാഴ്ച തന്നെ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം.
അതേസമയം കേസെടുത്തതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണൻ പോറ്റിയ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ തുടങ്ങി. നിലവിലെടുത്തിരിക്കുന്ന രണ്ട് കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് മുഖ്യപ്രതി. ഉണ്ണികൃഷ്ണൻ പോറ്റിയ ചോദ്യം ചെയ്യുന്നതോടെ കേസിൽ വ്യക്തതയുണ്ടാകും എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യാനും ആലോചനയുണ്ട്.
കേസിൽ പ്രതി ചേർത്തിട്ടുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യും. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും ദേവസ്വം സെക്രട്ടറി ജയശ്രീ മുൾപ്പെടെ 9 ദേവസ്വം ഉദ്യോഗസ്ഥരെയാണ് പ്രതിയാക്കിയിട്ടുള്ളത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് പ്രതിനിധികളെ പ്രതിചേർത്തിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് അന്തിമ തീരുമാനം എടുക്കും.