Image Credit: facebook.com/rahulbrmamkootathil

പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ പരുക്കേറ്റ ഷാഫി പറമ്പിൽ എം.പിയെ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഷാഫിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രവും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്. ‘ഷാഫിക്ക…’ എന്ന് കുറിച്ചുകൊണ്ട് പങ്കുവച്ച പോസ്റ്റില്‍ ‘അമ്പലം വിഴുങ്ങികളായ സർക്കാരിനെ തെരുവിൽ ചോദ്യം ചെയ്യാൻ പൊലീസ് സമ്മാനിച്ച പരിക്കുകൾ ഭേദമായി ഉടൻ മടങ്ങിയെത്തട്ടെ… ഈ നാട് ഒപ്പമുണ്ട്’ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

 ഷാഫിക്ക് പരുക്കേറ്റപ്പോള്‍ തന്നെ  പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിരുന്നു. ‘അയ്യപ്പന്‍റെ സ്വർണം  കട്ടത് മറക്കാനാണ് പിണറായി വിജയന്‍റെ പൊലീസും പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കിൽ, പേരാമ്പ്ര മാത്രമല്ല കേരളത്തിൽ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സർക്കാർ… ഷാഫി പറമ്പിലിന്‍റെം‌ ചോരയ്ക്ക് ഈ നാട് മറുപടി പറയും…’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. പിന്നീട് ഷാഫിയുടെ ആരോഗ്യത്തെ കുറിച്ചുള്ള തുടര്‍ച്ചയായ അപ്ഡേഷനുകളും രാഹുല്‍ തന്‍റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ‘നിങ്ങൾ ശബരിമലയിൽ നടത്തിയ സ്വർണ്ണ മോഷണം മറയ്ക്കാൻ നിങ്ങൾ പൊടിച്ച ഓരോ തുള്ളി ചോരയ്ക്കും നിങ്ങൾ മറുപടി പറയേണ്ടി വരും ശ്രീ വിജയൻ, പറയിപ്പിക്കും ഈ നാട്’ എന്നും രാഹുല്‍ കുറിച്ചിരുന്നു.

അതേസമയം, സി.പി.എം. നേതാക്കളും റൂറൽ എസ്.പി.യടക്കമുള്ള പൊലീസുദ്യോഗസ്ഥരും, ഷാഫി പറമ്പിലിന് പരുക്കേറ്റത് 'ഷോ' ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു. ഇതിന് പിന്നാലെ ഷാഫിക്ക് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങളും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവച്ചിരുന്നു. ‘പൊലീസ് ഷാഫി പറമ്പിലിനെ തല്ലിയില്ല എന്ന് പച്ചയ്ക്ക് കള്ളം പറയുന്ന പൊലീസ് ഇതൊന്നു കാണു... കള്ളം മാത്രം പറയുന്ന അഭ്യന്തര മന്ത്രിക്ക് പറ്റിയ പൊലീസ് തന്നെ...’ എന്ന് കുറിച്ചായിരുന്ന രാഹുല്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ഇന്നലെ വൈകിട്ട് യു.ഡി.എഫ്. പ്രകടനം പേരാമ്പ്ര ടൗണിലേക്ക് എത്തിയപ്പോളാണ് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ഷാഫി പറമ്പിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

ENGLISH SUMMARY:

Kerala MLA Rahul Mankootathil visited Congress MP Shafi Parambil at the hospital after he was injured during the Perambra protest clash between police and Congress workers. Sharing a photo from the visit, Rahul criticized the Kerala government, calling it a “temple looting regime” and wished Shafi a speedy recovery. He accused the police of brutality and posted videos to counter CPM leaders’ claims that no attack took place. The clash occurred during a UDF protest march in Perambra town, where police action left Shafi hospitalized and requiring minor surgery.