sabarimala-dwarapalakar

ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്ന് സ്മാർട്ട് ക്രീയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി. സ്വർണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നും മൊഴി നല്‍കി.  ചെന്നൈയിലെത്തും മുൻപ് ദ്വാരപാലക ശിൽപപാളികൾ വിറ്റിരിക്കാമെന്ന് ദേവസ്വം വിജിലൻസിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. കോടതിയില്‍ നൽകുന്ന റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകളുള്ളത്. 

ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി–ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒത്തു കളിച്ചെന്നും സ്വർണ പാളികളെ ചെമ്പെന്ന് രേഖപെടുത്തിയത് ഗൂഡാലോചനയുടെ ഭാഗമെന്നും റിപ്പോര്‍ട്ട്.  

ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മുദ്രവച്ച കവറിലാണ് അന്വേഷണ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ ദേവസ്വം ബെഞ്ചിന് സമർപ്പിക്കുക. റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുമെന്ന് കഴിഞ്ഞതവണ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും എസ്ഐടി അന്വേഷണം ആരംഭിക്കുക. 

കഴിഞ്ഞതവണ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടും, ദേവസ്വം ബോർഡിന്റെ ആവശ്യവും പരിഗണിച്ചാണ് പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. എഡിജിപി എച്ച്.വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ പൊലീസ് അക്കാദമി അസി. ഡയറക്ടർ എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഇക്കഴിഞ്ഞ സെപ്റ്റംബർ 7ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുപോയ സ്വർണ്ണപ്പാളികളും 2019ലെ പാളികളും വ്യത്യസ്ഥമെന്ന് ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് 2019ൽ കൈമാറിയത് സ്വർണ്ണപ്പാളി തന്നെയെന്നും വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Sabarimala Gold Plating Scam investigation reveals potential discrepancies in the gold plating process. The Devaswom Vigilance report suggests a possible conspiracy involving officials and Unnikrishnan Potti.