kundanur-robbery

TOPICS COVERED

കുണ്ടന്നൂരിൽ കടയുടമയിൽ നിന്ന് എൺപത് ലക്ഷം തട്ടിയ കേസിൽ സൂത്രധാരൻ അഭിഭാഷകനെന്ന്  സൂചന. കവർച്ചയിൽ എറണാകുളത്തെ കോടതിയിലടക്കം പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്റെ പങ്ക് ഏറെക്കുറെ പൊലീസ് ഉറപ്പിച്ചു. ഇയാൾക്കും കവർച്ച സംഘത്തിലെ പ്രധാനി ജോജിയടക്കമുള്ള പ്രതികൾക്കുമായി അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.  

കവർച്ച സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയടക്കം കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പണം ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടാണ് കവർച്ചയെന്നാണ് സൂചനയെങ്കിലും ഇതുറപ്പിക്കാൻ പരാതിക്കാരനെ വിശദമായി ചോദ്യം ചെയ്തു. കേസിൽ പിടിയിലായ വിഷ്ണു, സജി അടക്കമുള്ള പ്രതികളുമായി പരാതിക്കാരൻ നിരവധി തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതിലടക്കം വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. കവർച്ചക്ക് ശേഷം പ്രതികൾ രക്ഷപെട്ട വാഹനങ്ങൾ തൃശൂരിൽ നിന്ന് കൊച്ചിയിലെത്തിച്ചു.

പരാതിക്കാരനായ സുബിന്‍റെ സാമ്പത്തികയിടപാടുകളും പൊലീസ് സമഗ്രമായി പരിശോധിക്കുകയാണ്. എണ്‍പത് ലക്ഷം രൂപ നല്‍കിയാല്‍ ഒന്നേകാല്‍ കോടി നല്‍കാമെന്ന ഡീല്‍പ്രകാരമായിരുന്നു ഇടപാടുകളെന്നാണ് സൂചന. സജി മുഖേന സുബിനെ സമീപിച്ച സംഘം സമീപത്തെ ഹോട്ടലില്‍ വെച്ചാണ് ഡീല്‍ ഉറപ്പിച്ചത്. ഈ കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഡീല്‍പ്രകാരം പണം എണ്ണിത്തിട്ടപ്പെടുത്തി കൈമാറാന്‍ നില്‍ക്കുന്നതിനിടെയാണ് മുഖംമൂടി സംഘമെത്തുന്നതും പണം തട്ടിയെടുക്കുന്നതും. എല്ലാവരും ഒരൊറ്റസംഘത്തിലെ അംഗങ്ങളെന്ന് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസിന് വ്യക്തമായി. എറണാകുളം എസിപി പി. രാജ്കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.