സംസ്ഥാനം ഉന്നയിക്കുന്ന ഗൗരവ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ വിശദാംശങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കിട്ട് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്ന് അദ്ദേഹം കുറിച്ചു.
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 2,221.03 കോടി രൂപ ഗ്രാന്റ് അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായുള്ള ഗ്രാന്റായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും അദ്ദേഹത്തിന്റെ പിന്തുണ ആവശ്യപ്പെട്ടു.
ഐ ജി എസ് ടി റിക്കവറി തിരികെ നല്‍കല്‍, ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25% സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന, കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി, സംസ്ഥാനത്ത് ഒരു സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചർ(എസ്പിഎ) സ്ഥാപിക്കൽ, കുടിശ്ശികയാക്കിയ നെല്ല് സംഭരണ സബ്സിഡി ഉടന്‍ അനുവദിക്കുന്ന കാര്യം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ചർച്ചയായത്. ഈ ആവശ്യങ്ങള്‍ സംസ്ഥാനത്തിന്റെ ക്ഷേമത്തിന് മാത്രമല്ല, ദുരന്തനിവാരണം, ധനകാര്യ ഫെഡറലിസം, ആരോഗ്യരംഗത്തെ പുരോഗതി, വിദ്യാഭ്യാസ സമത്വം, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവല്‍ക്കരണം എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. അതുകൊണ്ടു തന്നെ എത്രയും വേഗത്തില്‍ ഈ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുന്നു.
ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്ത വകയില്‍ കേരളം നൽകാനുള്ള 237 കോടി രൂപ കേന്ദ്രസർക്കാർ എഴുതി തള്ളുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രിയും മന്ത്രി പി.എ.മുഹമ്മദ് റിയാസും ചര്‍ച്ച നടത്തിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ ഇതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടില്ല.
തിരുവനന്തപുരം മുതൽ കാസര്‍കോട് വരെയുള്ള ദേശീയ പാത 66 ന്‍റെ ഉദ്ഘാടനം അടുത്തവര്‍ഷം ജനുവരിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായിയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മന്ത്രി പി.എ. മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. നിതിന്‍ ഗഡ്കരിയാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുക എന്നും മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഈ വർഷം ഡിസംബറോടെ തന്നെ ദേശീയപാത 66 ന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ പോസ്റ്റീവായിരുന്നുവെന്നും NH 66 കേരളത്തിൽ 450 കിലോമീറ്റർ പൂർത്തിയായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 16 റീച്ചുകൾ സംസ്ഥാനത്തുണ്ട്. ചിലയിടത്ത് കരാറുകാരുടെ അനാസ്ഥയുണ്ടെന്ന് കേന്ദ്രമന്ത്രിയെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. തൊഴിലാളികളുടെ എണ്ണം ചിലയിടത്ത് കുറവായിരുന്നു, ഇപ്പോൾ പലയിടത്തും മൂന്നിരട്ടി തൊഴിലാളികളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് - തളിപ്പറമ്പ് റീച്ച്, അഴിയൂർ വെങ്ങള, വടകര എന്നിവിടങ്ങളിൽ നിർമാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ട്. ചില കരാരുകാർക്കും വീഴ്ചയുണ്ടായി. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിന് കാരണമിതാണെന്നും മന്ത്രി വ്യക്തമാക്കി.