ഷോ കാണിക്കുന്നൂവെന്ന ആരോപണത്തിന് മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര്‍. ക്യാമറയുമായി നടക്കേണ്ട ആവശ്യം തനിക്കില്ലെന്നും മലയാളികള്‍ക്കെല്ലാവര്‍ക്കും തന്നേ തിരിച്ചറിയാമെന്നും മന്ത്രി പറഞ്ഞു. ബസ് തടഞ്ഞ് ഡ്രൈവറെ ശാസിച്ചതില്‍ തെറ്റില്ലെന്നും ഗണേഷ് ആവര്‍ത്തിച്ചു. കാഴ്ചക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് മന്ത്രി ഇടപെട്ട് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ആഘോഷപൂര്‍വം നടത്തിയപ്പോളാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ച് പരിപാടി തന്നെ റദ്ദാക്കുന്ന അപൂര്‍വ കാഴ്ചയായിരുന്നു കഴിഞ്ഞ ആഴ്ച. ഫ്ളാഗ് ഓഫിനുള്ള വാഹനങ്ങള്‍ ആളുകള്‍ക്ക് കാണാനാവുന്നത് പോലെ നിരത്തിയിടാത്തതും പരിപാടി കാണാന്‍ ഒഴിഞ്ഞ കസേരകള്‍ മാത്രമുള്ളതുമായിരുന്നു മന്ത്രിയെ ചൊടിപ്പിച്ചത്. എന്തായാലും മന്ത്രിയുടെ പിണക്കം മോട്ടോര്‍ വാഹനവകുപ്പ് മാറ്റി. മന്ത്രിക്കിഷ്ടമുള്ളത് പോലെ വാഹനങ്ങളിട്ടും ആളെ കൂട്ടിയും 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നടത്തി.
അന്ന് പരിപാടി റദ്ദാക്കിയതില്‍ ഒരു തെറ്റുമില്ലെന്ന് ഇന്നും മന്ത്രി ആവര്‍ത്തിച്ചു. അതിന് പിന്നാലെയാണ് ഷോ വിവാദത്തിലേക്ക് കടന്നത്.. കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ ശാസിച്ചത് കാമറാമാനെ കൂടെക്കൂട്ടിക്കൊണ്ട് പോയെന്ന ആരോപണത്തിനായിരുന്നു മറുപടി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നടപടി തുടരുമെന്നും പ്രഖ്യാപിച്ചു.