കൊല്ലത്ത് എല്‍ഡിഎഫ് നേരിട്ടത് സമാനതകളില്ലാത്ത തിരിച്ചടി. ചിഞ്ചുറാണിയും ഗണേഷും തോറ്റപ്പോള്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ കഷ്ടിച്ചാണ് കടന്നുകൂടിയത്. ചാത്തന്നൂരില്‍ സിപിഐയുടെ സീറ്റാണ് എന്‍ഡിഎ പിടിച്ചെടുത്തത്.
സിപിഎമ്മിനും സിപിഐക്കും ഓരോ സീറ്റ്. അതില്‍ കെ.എന്‍. ബാലഗോപാല്‍ അവസാന റൗണ്ടില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇടതു വിട്ടു വലതു ചേര്‍ന്ന ഐഷാ പോറ്റി ബാലഗോപാലിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ ലീഡ് നില മാറി മറിഞ്ഞു. ശക്തി കേന്ദ്രങ്ങളായ കരീപ്രയും, വെളിയവും നല്‍കിയ കരുത്താണ് അവസാന റൗണ്ടില്‍ കഷ്ടിച്ച് രക്ഷപ്പെടാന്‍ ബാലഗോപാലിനു തുണയായത്. എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടയെന്നറിയപ്പെടുന്ന ചടയമംഗലത്ത് ജെ.ചിഞ്ചുറാണി പരാജയപ്പെട്ടത് 7486 വോട്ടുകള്‍ക്കാണ്. ആദ്യറൗണ്ടു മുതല്‍ പിന്നില്‍ പോകുകയായിരുന്നു ചിഞ്ചു റാണി. പത്തനാപുരത്ത് ഗണേഷ് തോറ്റത് 8310 വോട്ടുകള്‍ക്കാണ്. പുതുപ്പള്ളിയെക്കാള്‍ കൂടുതല്‍ ഉമ്മന്‍ചാണ്ടിയും സോളര്‍ കേസും ചര്‍ച്ചയായ പത്തനാപുരത്ത് സകല ജനവിഭാഗങ്ങളും ഗണേഷിനെ കൈവിടുകയായിരുന്നു. ചാത്തന്നൂരില്‍ ടേം വ്യവസ്ഥയില്‍ ജയലാലിനെ മാറ്റി ആര്‍.രാജേന്ദ്രനെ കൊണ്ടു വന്നതു തെറ്റുകയായിരുന്നു. സ്ഥാനാര്‍ഥി മികവില്‍ രാജേന്ദ്രന്‍ പിന്നാക്കം പോയപ്പോള്‍ രണ്ടു തവണ രണ്ടാം സ്ഥാനത്തു വന്ന ബി.ബി.ഗോപാകുമാര്‍ മുന്നേറി. ഫലം സിപിഐ കുത്തകയായിരുന്ന ചാത്തന്നൂര്‍ ബിജെപിയെ പുല്‍കി. ഇതോടെ ജില്ലയിലെ എക്കാലത്തേയും വലിയ തോല്‍വിയിലേക്ക് എല്‍ഡീഎഫ് കാലിടറി വീണു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരിക്കലും നഷ്ടപ്പെടില്ലെന്നു കരുതിയ കൊല്ലം കോര്‍പറേഷന്‍ നഷ്ടപ്പെട്ടപ്പോള്‍ തുടങ്ങിയ തകര്‍ച്ച ആറുമാസം കഴിഞ്ഞെത്തിയ നിയമസഭാ തെരഞ്ഞെടുപ്പോടെ പൂര്‍ണമായി. കണ്ണൂരിനേക്കാള്‍ മികച്ച സംഘടനാസംവിധാനമെന്നാണ് കൊല്ലത്തെകുറിച്ച് സിപിഎം പറഞ്ഞിരുന്നത്. അവിടത്തെ തിരിച്ചുവരവ് ഇനി കാലം തെളിയിക്കും