പത്തിലേറെ വിദ്യാര്‍ഥികളും നാട്ടുകാരും കൊട്ടാരക്കര നീലേശ്വരം സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ദുരന്തത്തിന്റെ രൂപത്തില്‍ ടിപ്പര്‍ പാഞ്ഞുകയറിയത്. അമ്പലപ്പുറത്ത് നിന്നുവന്ന ടിപ്പറില്‍ ഫുള്‍ലോഡ് മണ്ണായിരുന്നുവെന്നും മൊട്ട ടയറായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എതിര്‍ദിശയില്‍ ഒരു ബുള്ളറ്റ് കയറിവന്നപ്പോള്‍ ടിപ്പര്‍ ഡ്രൈവര്‍ക്ക് അമിത വേഗത കാരണം നിയന്ത്രണം നഷ്ടമായെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. 

രാവിലെ ഏഴേകാല്‍ കഴിഞ്ഞാണ് അപകടമുണ്ടായത്. 7.10ന് വരേണ്ടിയിരുന്ന ബസ് അല്‍പം വൈകിയതാണ് ഈ അപകടത്തില്‍ ഇത്ര വലിയ ദുരന്തമുണ്ടാകാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ആ ബസില്‍ പോകേണ്ടിയിരുന്നവരാണ് അപകടത്തിനിരയായത്. മണ്ണെല്ലാം സ്റ്റോപ്പില്‍ നിന്നവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

മണ്ണില്‍ നിന്നും പുറത്തെടുത്തവരില്‍ രണ്ടു പേരെ തിരിച്ചറിയാനാവാത്ത വിധത്തിലായിരുന്നു. ഒരാള്‍ ട്യൂട്ടോറിയല്‍ അധ്യാപകനായിരുന്ന നീലേശ്വരം സ്വദേശി ഹരിലാല്‍ ആണെന്നും തിരിച്ചറിഞ്ഞതായി നാട്ടുകാരന്‍ പറയുന്നു. മണ്ണെല്ലാം ഇളക്കിനോക്കി ഇനിയാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു. പലരും ഓടിമാറിയതാണ് അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ കാരണമെന്നും ദൃക്സാക്ഷികള്‍ പറയുന്നു.  

രണ്ടുമൂന്നു മാസം മുന്‍പും സമാനമായ രീതിയില്‍ ഒരു അപകടമുണ്ടായതായും മുന്നുപേര്‍ മരിച്ചതായും നാട്ടുകാര്‍ പറയുന്നു. സ്കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ക്ക് ഓടാന്‍ അനുമതി നല്‍കരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.  

നീലേശ്വരത്തുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അഞ്ചുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. രണ്ടു പേരുടെ നില ഗുരുതരമാണ്. നാലു കുട്ടികള്‍ക്ക് നിസാരപരുക്കേറ്റു. പരിശോധനയ്ക്കിടെ കൈപ്പത്തിയും ഒരു സ്കൂള്‍ ബാഗും ലഭിച്ചു. അപകടത്തില്‍ ഒരു കടയുടെ ഓരവും മതിലും ഇടിഞ്ഞുവീണു. 

Tragic Tipper Lorry Accident Shocks Kottarakkara:

Kottarakkara bus accident occurred when a Tipper lorry carrying a full load of soil lost control and crashed into a crowd waiting at the Nileshwaram bus stop. The accident resulted in three fatalities, five people buried under the soil, two critical injuries, and four children with minor injuries.