കണ്ണൂർ തളിപ്പറമ്പിൽ മൂന്നുനില കെട്ടിടം കത്തിയമർന്നു. ബസ് സ്റ്റാൻഡിന് പരിസരത്തെ കെ.വി കോംപ്ലക്സിലാണ് അഞ്ചുമണിയോടെ വൻ തീപിടുത്തം ഉണ്ടായത്. 15 ഫയർ യൂണിറ്റുകൾ എത്തിയാണ് മൂന്നു മണിക്കൂറിലേറെ സമയമെടുത്ത് തീ നിയന്ത്രണവിധേയമാക്കിയത്. ഒന്നിൽ നിന്ന് തുടങ്ങി മൂന്നു നില കെട്ടിടത്തിലെ 50ലേറെ കടകൾ തീ ഗോളം കത്തിച്ചാമ്പലാക്കി. കോടികളുടെ നഷ്ടം. ആദ്യഘട്ടത്തിൽ തീ അണക്കാൻ എത്തിയത് രണ്ട് കിലോമീറ്റർ അകലെ നിന്ന് ഒരേയൊരു യൂണിറ്റ് ഫയർഫോഴ്സ്. കൂടുതൽ യൂണിറ്റുകൾ എത്താൻ സമയമേറെടുത്തു. 5 .20ന് തുടങ്ങിയ തീയോടുള്ള പോരാട്ടം എട്ടരയോടെയാണ് ഒന്നടങ്ങിയത്. കെട്ടിടങ്ങൾക്ക് ഉള്ളിലേക്ക് വരെ അഗ്നിരക്ഷാ സേനാംഗങ്ങൾ കടന്നു ചെന്ന് പരിശോധിച്ചു. അകത്ത് ആരും കുടുങ്ങിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കി.
എ.സികള്‍ പൊട്ടിത്തെറിച്ചതോടെ വന്‍ സ്ഫോടനശബ്ദമാണ് ഉണ്ടായത്. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നതും തീ അണയ്ക്കല്‍ വൈകിപ്പിച്ചു. തളിപ്പറമ്പിൽ ദേശീയപാത നിർമ്മാണം നടത്തുന്ന മേഘാ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സന്നാഹങ്ങളും തീ അണക്കാൻ എത്തിച്ചു. മേഘാ കൺസ്ട്രക്ഷൻസ് ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചു. ക്രെയിൻ എത്തിച്ചാണ് കടകൾക്കുള്ളിലെ തീയണച്ചത്. തീ അണച്ച ശേഷം കെട്ടിടത്തിന്റെ ഉള്ളില്‍ ഫയര്‍ ഫോഴ്സ് പരിശോധന നടത്തി. ആരും കുടുങ്ങിയിട്ടില്ലെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ അരുൺ ഭാസ്കർ വ്യക്തമാക്കി.
50 ഓളം കടകൾ കത്തിയെന്ന് പ്രാഥമിക നിഗമനമെന്ന് ജില്ല കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടുത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.