കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം. ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെവി കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നു നില കെട്ടിടത്തിലെ മുഴുവന്‍ കടകളും കത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. വൈകീട്ട് നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്. തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ് അടക്കം എട്ട് യൂണിറ്റുകളാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്.  നിലവില്‍ തളിപ്പറമ്പ് ടൗണ്‍ വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. 

ശാലിമാര്‍, ഫണ്‍ സിറ്റി, മെട്രന്‍സ് എന്നി കടകളിലാണ് ആദ്യം തീപിടിച്ചത്. കെട്ടിടത്തിന്‍റെ പുറത്തെ തീ അണയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അകത്ത് തീപടരുകയാണ്. ഇതിനൊപ്പം കൂടുതല്‍ കൂടുതൽ ഇടങ്ങളിലേക്ക് തീ പടര്‍ന്നു. ഇതിന് സമീപത്തായി സൂപ്പര്‍മാര്‍ക്കറ്റടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ എത്തി.

മൂന്നുനിലകളിലുള്ള മുഴുവന്‍ കടകളും കത്തി. അന്‍പതോളം കടകള്‍ അഗ്നിക്കിരയായെന്ന് പ്രാഥമിക നിഗമനം. കടകളിലെ എ.സികള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരുകയാണ്. നിലവില്‍ എട്ട് അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ സ്ഥലത്ത് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. തളിപ്പറമ്പ് റൂറല്‍ എസ്പി സ്ഥലത്തെത്തി. 

സ്ഥിതി ആശങ്കാജനകമെന്നും വന്‍ തീപിടിത്തമാണ് ഉണ്ടായതെന്ന് തളിപ്പറമ്പ് എംഎല്‍എ എം.വി.ഗോവിന്ദന്‍ പറഞ്ഞു. തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും ജില്ലയിലെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് ഏകോപനം ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Fire accident in Kannur's Taliparamba bus stand resulted in significant damage to several shops within the KV Complex. The fire, suspected to have started due to a short circuit, is being fought by multiple fire service units.