രാധാകൃഷ്ണപിള്ള അങ്ങനെയങ്ങ് പോയെന്ന് നാട്ടുകാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ആ മരണം ഇങ്ങനെയായതില്‍ വല്ലാത്ത വിഷമവും ഒപ്പം പറഞ്ഞിറിയിക്കാനാകാത്ത ഭീതിയും അയല്‍ക്കാര്‍ക്കുണ്ട്. കൊല്ലം വടക്കേ മൈനാഗപ്പള്ളി സ്വദേശിയും അവിവാഹിതനുമായ രാധാകൃഷ്ണപിള്ള ഒറ്റയ്ക്കായിരുന്നു താമസം. എങ്കിലും നാട്ടിലെ ലൈബ്രറി പ്രവര്‍ത്തനങ്ങളില്‍ സജീവം . 55 കാരനായ രാധാകൃഷ്ണപിള്ള എന്നും ലൈബ്രറിയുടെ വരാന്തയില്‍ വന്നിരിക്കും. സന്ധ്യമയങ്ങുമ്പോള്‍ വീട്ടിലേക്ക് കയറിപ്പോകും.
ദിനചര്യക്ക് മാറ്റം വന്നത് രണ്ടു വര്‍ഷം മുന്‍പ് ക്ഷയരോഗം വന്നതോടെ. അതുവരെ ചെറിയ ചെറിയ ജോലികള്‍ ചെയ്തിരുന്ന രാധാകൃഷ്ണപിള്ള രോഗബാധിതനായശേഷം വീടിനു പുറത്തിറങ്ങാറില്ലായിരുന്നു. വീടെന്നു പറയാന്‍ കഴിയില്ല. തകര ഷീറ്റിട്ട്, ചുറ്റും പഴയ ഫ്ലെക്സുകള്‍ വലിച്ചു കെട്ടിയ ഒരു കുടില്‍. ചിലദിവസങ്ങളില്‍ തീരെ പുറത്ത് കാണാത്തതിനാല്‍ അയല്‍ക്കാര്‍ രാധാകൃഷ്ണപിള്ളയെ അങ്ങിനെ അന്വേഷിച്ചിരുന്നുമില്ല.
കഴിഞ്ഞദിവസം വീട്ടില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതോടെയാണ് അയല്‍വാസികള്‍ അന്വേഷിച്ചിറങ്ങിയത്. പിന്നീട് കണ്ടത് ഞെട്ടിക്കുന്ന കാഴചയായിരുന്നു. തലയോട്ടിയില്‍ മാംസം അല്‍പം പോലുമില്ല. കുറെ എല്ലിന്‍ കഷണങ്ങള്‍, അതും മാറി മാറി കിടക്കുന്നു. മരിച്ചിട്ടു തന്നെ കുറെ ദിവസങ്ങളായെന്നാണ് നിഗമനം. വീട്ടില്‍ നിന്നു നായ്കളായിരിക്കാം മൃതദേഹം വലിച്ച് പുറത്തേക്കിട്ടത്. മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. നായ കടിച്ചാണോ മരണം, അതോ മൃതദേഹം നായ വലിച്ച് പുറത്തിട്ടതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചോ എന്നതില്‍ ഒരു വ്യക്തതയില്ല. എന്തായാലും പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.