കോഴിക്കോട് താമരശ്ശേരി താലൂക്കാശുപത്രിയില്‍ വെട്ടേറ്റ ഡോക്ടറുടെ നില മാറ്റമില്ലാതെ തുടരുന്നു. തലയ്ക്ക് വെട്ടേറ്റ ഡോ. വിപിനെ അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിലേക്ക് മാറ്റി. 10 cm നീളത്തിലും തലയോട്ടി വരെ ആഴത്തിലും മുറിവേറ്റിട്ടുണ്ട്. പ്രതി സനൂപിനെ ഇന്ന് താമരശ്ശേരിയില്‍ കോടതിയില്‍ ഹാജരാക്കും. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സനൂപിന്‍റെ മകള്‍ മരിച്ചത് താലൂക്കാശുപത്രിയിലെ ചികിത്സാപിഴവ് ആരോപിച്ചായിരുന്നു ആക്രമണം.
അതേ സമയം ഡോക്ടറെ വെട്ടിയ കേസില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ KGMOA പ്രതിഷേധ ദിനമായി ആചരിക്കുന്നു. കോഴിക്കോട് ഡോക്ടര്‍മാര്‍ പണി മുടക്കും. മറ്റ് ജില്ലകളില്‍ ഒപി സേവനങ്ങളെ ബാധിക്കില്ല. IMAയും ഇന്ന് വിവിധ ജില്ലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.
ഡോക്ടറെ വെട്ടിപരുക്കേല്‍പ്പിച്ച സനൂപ് കുറച്ച് ദിവസമായി കടുത്തമാനസിക സമര്‍ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍. പ്രതി ലഹരിമരുന്ന് പതിവായി ഉപയോഗിക്കാറുണ്ട്. സനൂപിന്‍റെ മകള്‍ മരിച്ച സംഭവത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി കോരാങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.പി.ഷംസീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.