ഭൂട്ടാൻ വാഹന കടത്തു കേസിൽ നടന്‍മാരായ ദുൽഖർ സൽമാന്‍റെയും, പൃഥ്വിരാജിന്റേയും, വാഹന ഡീലർ അമിത് ചക്കാലക്കലിന്‍റെയും വീടുകളില്‍ ഇഡി പരിശോധന. ചെന്നൈയിലേതുൾപ്പെടെ ദുൽഖറിന്‍റെ മൂന്നു വീടുകളിലാണ് പരിശോധന തുടരുന്നത്. ഭൂട്ടാൻ വാഹനക്കടത്തുക്കേസിൽ ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.
രാവിലെ ഏഴു മണിയ്ക്ക് ഇഡി സംഘം പരിശോധന തുടങ്ങി. സുരക്ഷാ അംഗങ്ങൾ വീടുകൾക്ക് പുറത്ത് കാവൽ നിന്നു. പനമ്പള്ളി നഗറിലെ ലീസിനു നൽകിയ മമ്മൂട്ടി ഹൗസിലും, ദുൽഖറിന്‍റെ ഇളംകുളത്തെ വീട്ടിലും, അമിത് ചക്കാലയ്ക്കലിന്‍റെ എറണാകുളം നോർത്തിലുള്ള വീട്ടിലും ഒരേ സമയം മണിക്കൂറുകൾ നീണ്ട പരിശോധന തുടർന്നു.
തന്‍റെ കാർ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തോട് ദുൽഖർ സഹരിക്കണമെന്നും, ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും, വാഹത്തിന്‍റെ രേഖകൾ ഹാജരാക്കണം എന്നുമായിരുന്നു കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് വീടുകളിൽ ഇന്ന് ഇഡി പരിശോധന തുടങ്ങിയത്.
അമിതിന്‍റെ വീട്ടിലെ പരിശോധനയിൽ കസ്റ്റംസിന്‍റെ വാഹനങ്ങൾ ഉൾപ്പെടെ എത്തിയിരുന്നു. കസ്റ്റംസ് ആറുവാഹനങ്ങൾ പിടിച്ചെടുത്തെന്ന വിശദീകരണം നേരത്തെ അമിത് നിഷേധിച്ചിരുന്നു. ചെന്നൈ അണ്ണാമലൈ പുരത്തുള്ള ദുൽഖറിന്‍റെ വീട്ടിൽ രാവിലെ ആറുമുതൽ പരിശോധന ആരംഭിച്ചു. ദുൽഖറിന്‍റെ പ്രൊഡക്ഷൻ കമ്പനി പ്രവത്തിക്കുന്നത് ഈ വിലാസത്തിലാണ്. ഇവിടെയുള്ള വാഹനങ്ങൾ ഉൾപ്പെടെ തുറന്നു പരിശോധിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, കുഴൽപ്പണ ഇടപാട്, ഫെമ ചട്ടലംഘനം, സാമ്പത്തിക തിരിമറി എന്നിവയൊക്കെ ഭൂട്ടാൻ വാഹന കടത്ത് ഇടപാടിൽ ഇഡിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
ചലച്ചിത്ര താരങ്ങളുടെ വീടുകൾക്ക് പുറമെ വാഹന ഷോറൂമുകളിലും ഇഡി പരിശോധന നടത്തി. തൃശൂരിലെയും കോഴിക്കോട്ടെയും ആഡംബര വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലായിരുന്നു ഇഡി പരിശോധന നടത്തിയത്. വിദേശത്തു നിന്നടക്കം കാറുകൾ എത്തിച്ചു വിൽപ്പന നടത്തുന്നയിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇഡി അന്വേഷണം.
തൃശൂർ പാലിയേക്കരയില്‍ ബാഡ് ബോയ് മോട്ടോര്‍ വേള്‍ഡിലായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധന. സിഐഎസ്എഫ് സേനാംഗങ്ങളുടെ അകമ്പടിയിലായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. വിദേശത്തു നിന്ന് കാറുകള്‍ ഇറക്കുമതി ചെയ്ത് വില്‍പന നടത്തുന്ന കമ്പനിയാണ് ബാഡ് ബോയ് ഗ്രൂപ്പിന്‍റേത്. ആഡംബര കാറുകളാണ് ഇറക്കുമതി ചെയ്യുന്നത്. കാര്‍ ഇടപാടുകളുടെ സാമ്പത്തിക വിവരങ്ങളും ഇ ഡി പരിശോധിച്ചു.
പാലിയേക്കരയില്‍ തന്നെയുള്ള ഗ്രിഡ് സെവന്‍ കാര്‍ നവീകരണ കമ്പനിയിലും ഇഡി പരിശോധന നടത്തി. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു . ഭൂട്ടാനില്‍ നിന്ന് കാര്‍ ഇറക്കുമതി ചെയ്തിട്ടുണ്ടോ, എങ്ങനെയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
കോഴിക്കോട് റോഡ് വേഴ്സിന്‍റെ വാഹന ഷോറൂമിലായിരുന്നു ഇഡി പരിശോധന. രാവിലെ 8:30 ന് ആരംഭിച്ച പരിശോധനയിൽ ഷോറൂമിലെ വാഹനങ്ങളുടെ രേഖകളും വിൽപ്പന നടത്തിയ വിവരങ്ങളും ഇഡി പരിശോധിച്ചു. ഭൂട്ടാൻ വാഹന കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇവിടെ പരിശോധന നടത്തിയിരുന്നു.ഇടുക്കി അടിമാലിയിലും ഇഡി പരിശോധന നടത്തി. തിരുവനന്തപുരം സ്വദേശി ശില്പ സുരേന്ദ്രന്റെ ലാൻഡ് ക്രൂസറാണ് പരിശോധിക്കുന്നത്. മോഡിഫിക്കേഷൻ ചെയ്യുന്നതിനായി അടിമാലിയിലെ ഗാരേജിലെത്തിച്ച കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തിന്റെ സാമ്പത്തിക ഇടപാടുകളും ദുബായിൽ നിന്ന് അടക്കം വാങ്ങിയ സ്പെയർപാർട്ടുകളുടെ വിവരങ്ങളുമാണ് ഇ ഡി പരിശോധിച്ചത്