ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം മാത്രമല്ല, ശ്രീകോവിലിന്‍റെ കട്ടിളയിലെ സ്വര്‍ണവും നഷ്ടമായെന്ന് സംശയം. കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടെന്നതിന്‍റെ തെളിവുകള്‍ മനോരമ ന്യൂസിന് ലഭിച്ചു. കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും കൊടുത്തുവിട്ടത് ചെമ്പെന്ന് രേഖപ്പെടുത്തി. ഇവ തിരിച്ചുവന്നതായി ദേവസ്വത്തില്‍ രേഖകളില്ല.
ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളികളിലെ ഒരു കിലോയിലേറെ സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അടിച്ചുമാറ്റിയത്. ഇത് കൂടാതെ ശ്രീകോവിലിന്‍റെ വശങ്ങളിലുള്ള രണ്ട് പാളികളും ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കിയെന്നും ഇതിനകം ഉറപ്പായി. എന്നാല്‍ ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച ഇവിടെ തീരുന്നില്ല. ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളിക്ക് മുന്‍പ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വര്‍ണമായിരുന്നു. 2019 മാര്‍ച്ചിലായിരുന്നു ആ സ്വര്‍ണക്കടത്ത്. Also Read: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അറിയാം; ബന്ധമില്ല: ചോദിച്ചത് ഉപദേശം മാത്രം: എന്‍.വാസു
ശ്രീകോവിലിന്‍റെ വാതില്‍ നിര്‍മിച്ച് നല്‍കുന്നതിന്‍റെ മറവിലാണ് കട്ടിളയിലെ സ്വര്‍ണമോഷണത്തിന് തിരക്കഥ ഒരുങ്ങിയത്. വാതിലിനൊപ്പം കട്ടിളയും സ്വര്‍ണം പൂശി നല്‍കാമെന്ന് ഉണ്ണികൃഷ്ണന്‍ കത്ത് നല്‍കി. തൊട്ടുപിന്നാലെ ദേവസ്വം കട്ടിളയിലെ സ്വര്ണപ്പാളികള്‍ ഉണ്ണികൃഷ്ണന് അഴിച്ചുനല്‍കുകയും ചെയ്തു.
ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം ചെമ്പാക്കി മാറ്റിയ അതേ തിരക്കഥയായിരുന്നു ഇവിടെയും. 1999ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതായിരുന്നു കട്ടിളയും. പക്ഷെ 2019 മാര്‍ച്ച് 20ന് കട്ടിള ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനായി ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവില്‍ എഴുതിയത് കട്ടിളയിലെ ചെമ്പ് പാളിയെന്ന്. അങ്ങിനെ കട്ടിളയിലെ സ്വര്‍ണപ്പാളികളും ചെമ്പാക്കി മാറ്റി ദേവസ്വം ഉണ്ണികൃഷ്ണന് കൊടുത്തെന്ന് വ്യക്തം. എന്നാല്‍ ഈ പാളികള്‍ തിരികെയെത്തിയോ, ഈ സ്വര്‍ണം എന്ത് ചെയ്തു തുടങ്ങി പിന്നീട് നടന്ന കാര്യങ്ങളിലൊന്നും ദേവസ്വ രേഖകളില്‍ വ്യക്തതയില്ലെന്നുമാണ് വിജിലന്‌സിന്‍റെ കണ്ടെത്തല്‍.
ശബരിമലയിലെ സ്വർണ്ണപ്പാളി നഷ്ടപ്പെട്ടതിൽ പരിശോധനയ്ക്കായി വിജിലൻസ് സംഘം സന്നിധാനത്തെത്തി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇന്നലെ രാത്രി വിജിലൻസ് എസ്പി സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം സന്നിധാനത്തെത്തിയത്. സ്ട്രോങ്ങ് റൂം ഉൾപ്പെടെ പരിശോധിച്ചതായാണ് സൂചന. പരിശോധനയ്ക്ക് ശേഷം രാത്രിയോടെ സംഘം മടങ്ങി.