ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 7 ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടു പോയ സ്വർണ്ണപ്പാളികളും 2019 ലെ പാളികളും വ്യത്യസ്തമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എ.ഡി.ജി.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആറാഴ്ചക്കുള്ളിൽ അന്വേഷണ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
1999ൽ വിജയ് മല്യ നൽകിയ 1.564 കിലോ സ്വർണം മറ്റൊരു ദ്വാരപാലക ശിൽപത്തിലേക്ക് മാറ്റി എന്നാണ് ആദ്യം കരുതിയതെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ അത് അങ്ങനെ അല്ലെന്ന് വ്യക്തത വരുന്നുണ്ട്. സാമ്പത്തിക നേട്ടം മുൻ നിർത്തി ദ്വാരപാലക ശില്പങ്ങൾ ഉരുക്കിയ സ്വർണം മറ്റാർക്ക് എങ്കിലും വിറ്റിട്ടുണ്ടാവാം. അതിന്‍റെ നേട്ടം ഉണ്ടാക്കിയവരാണ് തട്ടിപ്പിന്‍റെ ഉത്തരവാദികളെന്ന നിരീക്ഷണത്തോടെയാണ് എ.ഡി.ജി.പി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറി കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 7 ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടു പോയ സ്വർണപ്പാളികളും 2019 ലെ പാളികളും വ്യത്യസ്തമെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ഫോട്ടോകൾ താരതമ്യം ചെയ്തതിൽ നിന്നാണ് ഈ കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് 2019 ൽ കൈമാറിയത് സ്വർണപ്പാളി തന്നെയെന്നും ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചു. അന്വേഷണ പൂർത്തിയാക്കി വെള്ളിയാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഈ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പ്രത്യേക സംഘം അന്വേഷിക്കും. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും, ആറാഴ്ചക്കുള്ളിൽ അതീവ രഹസ്യമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് അയച്ച ഇ- മെയിൽ സന്ദേശത്തിലെ ഉള്ളടക്കം ഞെട്ടിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും, ദ്വാരപാലക ശില്പങ്ങളുടെയും സ്വർണപ്പണി പൂർത്തിയാക്കിയ ശേഷം കുറച്ച് സ്വർണം ബാക്കിയുണ്ടെന്നും, ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് സന്ദേശത്തിൽ ഉള്ളത്. ബോർഡിന്‍റെ അഭിപ്രായം തേടിയാണ് മെയിൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് സെക്രട്ടറി തിരുവാഭരണ കമ്മീഷണർക്ക് അയച്ച കത്തും കോടതി ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോറ്റിക്ക് മാത്രമല്ല ദേവസ്വംബോർഡിൽ ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് കോടതി വ്യക്തമാക്കുന്നത്.