ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായുള്ള പ്രോസിക്യൂഷന്‍ അനുമതി പോലും തേടാതെ അന്വേഷണസംഘം. അറസ്റ്റിലായ 12ല്‍ 9 പ്രതികള്‍ക്കുമെതിരെ കുറ്റപത്രം നല്‍കണമെങ്കില്‍ സര്‍ക്കാരിന്‍റെ അനുമതി വേണം. കുറ്റപത്രം നടപടികള്‍ വൈകുന്നതോടെ ജാമ്യാപേക്ഷയുമായി കൂടുതല്‍ പ്രതികള്‍ കോടതിയെ സമീപിച്ചു. എന്‍.വാസു ഉള്‍പ്പടെ നാല് പ്രതികള്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങാനും സാധ്യത തെളിഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തുടങ്ങിയിട്ട് ഇന്ന് 112-ാം ദിവസമാണ്. ഇപ്പോഴും എത്ര സ്വര്‍ണം മോഷണം പോയെന്നും തൊണ്ടിമുതല്‍ എവിടെയെന്നും ഒരു പിടിയും കിട്ടാത്ത അന്വേഷണസംഘത്തിന് കുറ്റപത്രം നല്‍കാനായിട്ടില്ല. ഫെബ്രുവരി 15നകം കുറ്റപത്രം നല്‍കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അതിന് മുന്നോടിയായുള്ള നടപടികളും വൈകുകയാണ്. അറസ്റ്റിലായ 12 പേരില്‍ 9 പേരും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ എന്ന വിഭാഗത്തില്‍ വരുന്നതിനാല്‍ കുറ്റപത്രം നല്‍കാന്‍ സര്‍ക്കാരിന്‍റെ പ്രോസിക്യൂഷന്‍ അനുമതി വേണം. ഇത് തേടാനുള്ള അപേക്ഷ പോലും ഇതുവരെ നല്‍കിയിട്ടില്ല.
അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ അംഗീകാരമാകാന്‍ സമയമെടുക്കും. അതിനാല്‍ കുറ്റപത്രം വൈകിയേക്കും. കുറ്റപത്രം വൈകുന്നതോടെ പ്രതികള്‍ ജാമ്യം കിട്ടി പുറത്തിറങ്ങാനുള്ള സാധ്യത തെളിഞ്ഞു. സ്വാഭാവിക ജാമ്യം കിട്ടി മുരാരി ബാബുവും ഇതിനകം പുറത്തിറങ്ങി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് എസ്. ശ്രീകുമാറിനും ഇന്നലെ ജാമ്യം കിട്ടി. ഇതോടെ കൂടുതല്‍ പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി രണ്ടാം കേസിലും അറസ്റ്റിലായിട്ട് രണ്ടാം തീയതിയാകുമ്പോള്‍ 90 ദിവസമാകും. അതോടെ പോറ്റിക്കും ജാമ്യം ലഭിച്ചേക്കും.
ബോര്ഡ് പ്രസിഡന്‍റും കമ്മീഷണറുമായിരുന്ന എന്‍.വാസുവിനും ഫെബ്രൂവരി 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി.സുധീഷ്കുമാര്‍, തിരുവാഭരണം കമ്മീഷണര്‍ കെ.എസ്.ബൈജു എന്നിവര്‍ക്കം സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള കാലാവധി അടുത്ത ആഴ്ചയോടെയാകും. അതിനിടെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവിറങ്ങിയതോടെ കൊല്ലം വിജിലന്‍സ് കോടതിയില്‍ നിലവിലുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍ക്ക് കേസില്‍ ഹാജരാകാന്‍ നിയമതടസമുണ്ട്. ഇതും വരും ദിവസങ്ങളില്‍ എസ്.ഐ.ടിക്ക് വെല്ലുവിളിയായേക്കും.