പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഇരുപത് രൂപ ഡെപ്പോസിറ്റ് ഈടാക്കാനുള്ള ബവ്കോയുടെ പരിഷ്കാരത്തില്‍പ്പെടുന്ന ഷോപ്പുകളില്‍ മദ്യം സൂക്ഷിക്കാന്‍ ഇടമില്ല. പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൂട്ടിയിട്ടിരിക്കുന്നത് കാരണം പുതിയ സ്റ്റോക്ക് ഇറക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് ജീവനക്കാര്‍. പേപ്പറില്‍ പൊതിഞ്ഞ് മദ്യം നല്‍കുന്നതിന് പകരം തുണിസഞ്ചി ഏര്‍പ്പെടുത്തിയതോടെ ബവ്കോയുടെ അക്കൗണ്ടിലേക്ക് മദ്യ വില്‍പ്പനയിലൂടെ അല്ലാതെയുള്ള വരുമാനവും കൂടിയിട്ടുണ്ട്.
ഇതൊരു പ്ലാസ്റ്റിക് ഗോഡൗണല്ല. ആക്രി പെറുക്കി സൂക്ഷിച്ചിരിക്കുന്ന ഇടവുമല്ല. പരിമിതമായ സൗകര്യം മാത്രമുണ്ടായിരുന്ന ബവ്കോ വില്‍പന കേന്ദ്രങ്ങളില്‍ ഒന്നിന് മീതെ ഒന്നായി ചാക്ക് കെട്ടുകള്‍. ബവ്കോയുടെ പുതിയ പരിഷ്കാരത്തിലൂടെ പ്ലാസ്റ്റിക് മദ്യക്കുപ്പി പെറുക്കുന്നവരുടെ എണ്ണം കൂടി. ദിവസേന ബോട്ടിലുകള്‍ സംഭരിക്കുമെന്ന വാക്ക് പാഴായപ്പോള്‍ ഓരോയിടത്തും ഇത്തരത്തില്‍ ബോട്ടില്‍ ചാക്കുകള്‍ തട്ടിന് മേല്‍ തട്ടായി. മദ്യ സ്റ്റോക്ക് നിറയ്ക്കേണ്ട ഇടങ്ങളില്‍ ബോട്ടിലുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ പുതിയ മദ്യമെത്തിക്കുന്നതിന് പലയിടത്തും താല്‍ക്കാലിക അവധി നല്‍കിയിരിക്കുകയാണ്. മദ്യം കുറഞ്ഞുവെന്ന് രേഖകളില്‍ ഉറപ്പ് വരുത്തിയാലും പുതിയ മദ്യമിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ലെങ്കിലും ബവ്കോയുടെ അക്കൗണ്ടിലേക്കും തരക്കേടില്ലാത്ത വരുമാനമെത്തുന്നുണ്ട്. മദ്യം പേപ്പറില്‍ പൊതിഞ്ഞ് കൊടുക്കുന്നതിന് പകരം തുണിസഞ്ചിയിലൂടെ കിട്ടുന്ന വരുമാനം കൂടിയാവുമ്പോള്‍ സര്‍ക്കാരിന് കിട്ടേണ്ട വിഹിതം ഇനിയും കൂടും. 20 ഷോപ്പുകളിലെ ഡെപ്പോസിറ്റ് പരീക്ഷണം മദ്യം വാങ്ങാനെത്തുന്നവരുടെ പ്രതിഷേധം കാരണം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. ആളുകള്‍ പൊരുത്തപ്പെട്ട് സാമ്പത്തിക വരവ് കൂടിയതോടെ പരീക്ഷണം എല്ലാ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന സൂചനയാണ് എക്സൈസ് മന്ത്രി ജീവനക്കാര്‍ക്ക് നല്‍കുന്നത്. എന്തായാലും ലക്ഷങ്ങള്‍ ബോണസ് വാങ്ങുന്നവരെന്ന് വിമര്‍ശനം കേള്‍ക്കുന്ന ബവ്കോ ജീവനക്കാര്‍ക്ക് എം.ഡി.യുടെ നേതൃത്വത്തില്‍ ഒന്നിന് പുറകെ ഒന്നൊന്നായി പണികിട്ടുന്നുണ്ട്.