വിഴിഞ്ഞം–നാവായിക്കുളം ഔട്ടര്‍ റിങ് റോഡിനായി ഭൂമി വിട്ട് നല്‍കി നഷ്ടപരിഹാരം ലഭിക്കാത്തതിന്‍റെ പേരില്‍ മക്കളുടെയും കൊച്ചുമക്കളുടെയും വിവാഹം മുടങ്ങിയ നിരവധി പേര്‍ തിരുവനന്തപുരം വെമ്പായത്തുണ്ട്. ആലോചിച്ചുറപ്പിച്ച വിവാഹങ്ങള്‍ വരെ മാറിപ്പോയി. താമസിക്കുന്ന വീടും ഭൂമിയും ഉടന്‍ ഒഴിയേണ്ടിവരുമെന്ന് പറഞ്ഞതിനാല്‍, വിവാഹത്തിനായി കരുതിയ പണം ഉപയോഗിച്ച് പുതിയ വീടും സ്ഥലവും വാങ്ങി കുരുങ്ങിയവരും അനവധി.
വെമ്പായം മാണിക്കല്‍ സ്വദേശിയായ സൈനബ ബീവിക്ക് ജീവിതത്തില്‍ ഒരാഗ്രഹമേ ബാക്കിയുള്ളൂ. തന്‍റെ പേരിലുള്ള 8 സെന്‍റ് ഭൂമി വിറ്റ് കൊച്ചുമകളെ വിവാഹം കഴിപ്പിച്ചയക്കണം. ഔട്ടര്‍ റിങ് റോഡിനായി സ്ഥലമേറ്റെടുത്തപ്പോള്‍ നഷ്ടപരിഹാരത്തുക അതിന് ഉപയോഗിക്കാം എന്നായിരുന്നു പ്രതീക്ഷ. നഷ്ടപരിഹാരം കിട്ടാതായതോടെ ആ ആഗ്രഹം തുലാസിലായി.
തൊട്ടടുത്ത് തന്നെയാണ് 72 കാരിയായ ലില്ലി താമസിക്കുന്നത്. ലില്ലിയുടെ മകന്‍ ബാബുവിന്‍റെ വീടാണിത്. ബാബുവിന്‍റെ മൂത്തമകള്‍ക്ക് വയസ്സ് 25 ആയി. വീടും ഭൂമിയും റിങ് റോഡിനായി ഏറ്റെടുത്തതോടെ കൊച്ചുമകളുടെ വിവാഹം നടക്കാത്ത സങ്കടത്തിലാണ് ലില്ലി.
മാണിക്കല്‍ പഞ്ചായത്തിലെ ചിറത്തലയ്ക്കല്‍ വാര്‍ഡില്‍ താമസിക്കുന്ന അബ്ദുല്‍ വാഹിദിന്‍റെ മകളുടെ വിവാഹത്തിന്‍റെ തിയ്യതി വരെ ഉറപ്പിച്ചപ്പോഴായിരുന്നു വീടും 28 സെന്‍റ് സ്ഥലവും ഏറ്റെടുത്ത് വിജ്ഞാപനമിറങ്ങിയത്. നഷ്ടപരിഹാരം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ വിവാഹത്തിനായി കരുതിയ പണവും ബാങ്കില്‍ നിന്ന് വായ്പയെടുത്തും പുതിയ ഭൂമി വാങ്ങി. നഷ്ടപരിഹാരം കിട്ടാതായതോടെ വിവാഹം മുടങ്ങി. വായ്പയെടുത്ത പണം തിരിച്ചടയ്ക്കനാകാതെ വലയുകയാണ് അബ്ദുല്‍ വാഹിദും കുടുംബവും.
കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയും പിടിപ്പ്കേടും ഈ മനുഷ്യരുടെ ജീവിത സ്വപ്നങ്ങള്‍ തന്നെയാണ് തകര്‍ത്തെറിയുന്നത്.