വിഴിഞ്ഞത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. നിലമേൽ സ്വദേശി ഷാജി, ഭാര്യാമാതാവ് റാഷിദ ബീവി എന്നിവരുടെ മരണകാരണം പോസ്റ്റ്മോർട്ടത്തിലും വ്യക്തമാകാത്തതിനാൽ ആന്തരികാവയവങ്ങൾ വിശദമായ പരിശോധനയ്ക്കയയ്ക്കും. ഷാജിയുടെ ഭാര്യ സജിമോൾ ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് പൂട്ടിച്ച വിഴിഞ്ഞത്തെ ഹോട്ടലിൽനിന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഭക്ഷണസാമ്പിളുകൾ ശേഖരിച്ചു.
ഇന്നലെ വൈകിട്ടാണ് വിഴിഞ്ഞത്തെ ഹോട്ടലിൽനിന്ന് ബന്ധുക്കളായ ആറംഗ സംഘം മീൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ചത്. വീട്ടിലേക്ക് മടങ്ങുംവഴി മൂവർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇവരെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ഷാജിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻമുട്ട ഉൾപ്പെടെയുള്ള മത്സ്യവിഭവങ്ങൾ കഴിച്ചുവെന്നാണ് ഷാജിക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴി. രാത്രി വൈകിയും പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകളുള്ള സ്ഥലമാണ് വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപത്തെ പ്രദേശം. ഷാജിയും കുടുംബവും ഭക്ഷണം കഴിച്ചതായി പറയുന്ന ഹോട്ടൽ വിഴിഞ്ഞം പൊലീസെത്തി പൂട്ടിച്ചു.
ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് പ്രാഥമികമായി തെളിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയയ്ക്കുന്നത്. ഭക്ഷ്യവിഷബാധയെന്ന സംശയത്തെത്തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടലുകളിലെ രേഖകൾ പോലീസും ആരോഗ്യവിഭാഗവും പരിശോധിച്ചു തുടങ്ങി. മരണം കൃത്യമായി സ്ഥിരീകരിക്കാൻ ഭക്ഷണസാമ്പിൾ പരിശോധനാഫലവും രാസപരിശോധനാ റിപ്പോർട്ടും നിർണ്ണായകമാകും.