രാഷ്ട്രീയ പാർട്ടികളോട് സമദൂരമെന്ന നിലപാടിൽ എൻ.എസ്.എസ്. ഉറച്ചുനിൽക്കുന്നതായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. എന്നാൽ, ശബരിമല വിഷയത്തിൽ സമുദായം ശരിദൂരം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എൻ.എസ്.എസ്. ഇടത് പക്ഷത്തേക്ക് ചെരിയുന്നതായുള്ള സംശയങ്ങൾക്കും വിമർശനങ്ങൾക്കുമിടയിൽ, പെരുന്നയിൽ നടന്ന നായർ മഹാസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വിശദീകരിച്ചത്.
സമദൂര നിലപാടിൽ കഴിയുന്ന സമുദായത്തെ കമ്മ്യൂണിസ്റ്റോ, കോൺഗ്രസോ, ബി.ജെ.പി.യോ ആക്കാൻ ശ്രമിക്കരുതെന്ന് സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി. ശബരിമലയുടെ കാര്യത്തിൽ മാത്രമാണ് എൻ.എസ്.എസ്. നിലപാട് മാറ്റിയത്, ഇത് രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നതല്ല. വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവ പാലിക്കുക എന്നതാണ് എൻ.എസ്.എസ്സിന്റെ അടിസ്ഥാന നിലപാട്. ശബരിമല ആചാരത്തിൽ അന്നത്തെ സർക്കാർ വീഴ്ച വരുത്തിയപ്പോഴാണ് എൻ.എസ്.എസ്. രംഗത്തിറങ്ങിയത്.
ഒരു ആനുകൂല്യവും ചോദിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്നാലെ എൻ.എസ്.എസ്. ഇതുവരെ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ എൻ.എസ്.എസ്. സ്വീകരിച്ച നിലപാട് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും മന്ത്രി വി.എൻ. വാസവൻ നേരിട്ട് ഉറപ്പുനൽകുകയും ചെയ്ത സാഹചര്യത്തിലാണ് സമുദായം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
നേതൃത്വത്തിനെതിരെയും വ്യക്തിപരമായും ഉയരുന്ന പ്രതിഷേധങ്ങൾ കരുതിക്കൂട്ടി സൃഷ്ടിക്കുന്നതാണെന്ന് ജി. സുകുമാരൻ നായർ ആരോപിച്ചു. "പലരും തന്റെ നെഞ്ചത്ത് കയറി നൃത്തമാടുന്നു. നായൻമാരുടെ നേരേ തിരിഞ്ഞാൽ അതിന് മറുപടി നൽകണം. നേതൃതലത്തിൽ വ്യക്തിഹത്യ നടത്തിയാൽ ആ പ്രസ്ഥാനത്തെ അധിക്ഷേപിക്കലാണ്."
ശക്തമായ എതിർപ്പുകൾ നേരിട്ടാണ് എൻ.എസ്.എസ്. വളർന്നു വന്നതെന്നും, അതിനാൽ ഇത്തരം പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില ചാനലുകളുടെ നേതൃത്വത്തിൽ പോലും ഫ്ലെക്സുകൾ വെക്കുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങൾക്കെതിരെ വിമർശനമുന്നയിച്ചു.