തദ്ദേശ തിരഞ്ഞെടുപ്പ് സൂക്ഷ്മപരിശോധനയില്‍ വ്യാപകമായി പത്രിക തള്ളിയതോടെ കണ്ണ് തള്ളി യുഡിഎഫ്. എറണാകുളം, കോട്ടയം, തൃശൂര്‍, വയനാട് , കൊല്ലം ജില്ലകളിലാണ് പത്രിക തള്ളിയത്. കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ പുറത്തായി. എറണാകുളം ജില്ലാ പഞ്ചായത്തിലെ ഉറച്ച സീറ്റും യുഡിഎഫ് കൈവിട്ടു
എറണാകുളത്ത് കോൺഗ്രസിന് വൻതിരിച്ചടിയായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിജഡന്‍റിന്‍റെ പത്രിക തള്ളി. കടമക്കുടി ഡിവിഷനിലെ സ്ഥാനാർഥി എൽസി ജോർജിന്‍റെ മൂന്ന് സെറ്റ് പത്രികയിലും പിന്തുണച്ച് ഒപ്പിട്ടിരിക്കുന്നത് ഡിവിഷന് പുറത്തുനിന്നുള്ള വ്യക്തിയാണ്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഒന്ന്, പതിനൊന്ന് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികയും തള്ളി.
Also read: തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ പുത്തൻ ട്രെൻഡ്; വെറൈറ്റി തേടി സ്ഥാനാർഥികൾ.
പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരിയായതിനാലാണ് ഒന്നാം ഡിവിഷനിൽ മൽസരിക്കുന്ന ഷെറീന ഷാജിയുടെ പത്രികയാണ് തളളിയത്. 2 വർഷം ശിക്ഷിക്കപ്പെട്ട വിവരം നൽകാതിരുന്നത് പതിനൊന്നാം ഡിവിഷനിലെ യുഡിഎഫിലെ ജോൺസൺ പുനത്തിലിന് തിരിച്ചടിയായി. കോട്ടയം പാമ്പാടി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി രമണി മത്തായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ കണക്ക് നൽകാത്തത് തിരിച്ചടിയായി. വയനാട് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ടി.വി.രവീന്ദ്രന്‍റെ പത്രികയും തള്ളി.
നഗരസഭാ സെക്രട്ടറിയായിരിക്കെയുണ്ടായ ബാധ്യത തീര്‍ത്തില്ലെന്നാണ് ആരോപണം. 23-ാം വാര്‍ഡില്‍ സി.എസ്. പ്രഭാകരന്‍ പകരം സ്ഥാനാര്‍ഥിയായി. കണ്ണൂര്‍ മലപ്പട്ടത്ത് വ്യാജ ഒപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി നിത്യശ്രീയുടെ പത്രിക തള്ളി. റിട്ടേണിങ് ഒാഫിസര്‍ സിപിഎം ഭീഷണിക്ക് വഴങ്ങിയെന്ന് നിത്യശ്രീ ആരോപിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന്‍റെ കണക്ക് നല്‍കാത്തതിനാല്‍ പാലക്കാട് നെല്ലിയാമ്പതി ഒന്നാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി.